ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സിബിഐ
ഷീബ വിജയൻ
കൊച്ചി: ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. നിലവിൽ സംസ്ഥാന പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അന്വേഷണം മന്ദഗതിയിലാണെന്ന് കോടതി നിരീക്ഷിച്ചതിന് പിന്നാലെയാണ് സിബിഐയുടെ നിർണ്ണായക നീക്കം.
ശബരിമലയിലെ സ്വർണ്ണപ്പാളികൾ കടത്തിയതിന് അന്തർസംസ്ഥാന ബന്ധങ്ങളും അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി കണ്ണികളുണ്ടെന്ന ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഹൈക്കോടതി നിർദ്ദേശിക്കുകയാണെങ്കിൽ കേസ് ഏറ്റെടുക്കുന്നതിൽ തടസ്സമില്ലെന്ന് സിബിഐ വ്യക്തമാക്കി. സ്വർണ്ണത്തിന്റെ കാലപ്പഴക്കം നിർണ്ണയിക്കുന്നതിനുള്ള എഫ്.എസ്.എൽ റിപ്പോർട്ട് അന്തിമഘട്ടത്തിലാണ്.
ഇ.ഡിയും അന്വേഷണത്തിലേക്ക് അതിനിടെ, സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആർ, റിമാൻഡ് റിപ്പോർട്ട് എന്നിവയുടെ പകർപ്പുകൾ ഇ.ഡിക്ക് നൽകാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു.
പ്രതി ഗോവർദ്ധന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ കേസിലെ പത്താം പ്രതിയും ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരിയുമായ ഗോവർദ്ധൻ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്ക് കവർച്ചയിൽ പങ്കില്ലെന്നും 84 ലക്ഷം രൂപ ശബരിമലയിൽ സംഭാവന നൽകിയിട്ടുണ്ടെന്നുമാണ് ഗോവർദ്ധന്റെ വാദം. ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് ലഭിച്ച സ്വർണ്ണം ശബരിമലയിലേതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ 10 ലക്ഷം രൂപയും മാലയും പകരമായി നൽകിയിരുന്നുവെന്നും ഹർജിയിൽ പറയുന്നു. എന്നാൽ ഗോവർദ്ധൻ അറിഞ്ഞുകൊണ്ട് തന്നെയാണ് സ്വർണ്ണം കൈക്കലാക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
aewdawdeads
