ജാഫ്സയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ ബന്ധം ശക്തമാകുന്നു

ദുബൈ : ദുബൈയിലെ ജബൽ അലി ഫ്രീസോൺ ജാഫ്സയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ ബന്ധം ശക്തമാകുന്നു. 340 കോടി യു.എസ് ഡോളറിന്റെ വ്യാപാരമാണ് 2017 −ൽ നടന്നത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 788 ഇന്ത്യൻ കന്പനികളാണ് ജാഫ്സയിൽ നിന്ന് വ്യാപാരം നടത്തുന്നത്. ആറ് കണ്ടെയ്നർ ടെർമിനലുകൾ, ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോകൾ, വെയർ ഹൗസുകൾ തുടങ്ങി വലിയ വ്യവസായ സംരംഭങ്ങളാണ് ഡി.പി വേൾഡിന് ഇന്ത്യയിലുള്ളത്.
കഴിഞ്ഞ രണ്ടു ദശാബ്ദമായി ഇന്ത്യയുടെ സാന്പത്തിക വളർച്ചയ്ക്ക് പിന്തുണ നൽകുന്ന ഡി.പി വേൾഡ് യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ − വ്യാപാര ബന്ധങ്ങൾ പുതിയ തലത്തിലേക്കുയർത്തുകയാണെന്ന് സി.ഇ.ഒ. സുൽത്താൻഅഹമ്മദ് ബിൻസുലായേം പറഞ്ഞു. ആഗോളതലത്തിൽ വ്യാപാരമേഖലയിൽ കരുത്തുറ്റ സാന്നിധ്യമായി ഇന്ത്യക്കു മാറാൻ കഴിഞ്ഞത് ലോജിസ്റ്റിക്സിലെ ഡി.പി വേൾഡിന്റ് പങ്കാളിത്തത്തിന്റെ പിന്തുണയോടെയാണെന്നത് സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 40 വർഷമായി അത്യാധുനിക സൗകര്യങ്ങളുമായി ജബൽ അലി തുറമുഖം ഇന്ത്യയുടെ വ്യാപാര ശൃംഖലയ്ക്ക് പിന്തുണ നൽകി വരുന്നുണ്ട്. ഇന്ത്യ പ്രധാന വ്യാപാര പങ്കാളിയാണെന്നും കണ്ടെയ്നർ വഴിയുള്ള രാജ്യത്തിന്റെ ചരക്ക് ഗതാഗതത്തിൽ 30 ശതമാനത്തിലധികം നടക്കുന്നത് ഡി.പി വേൾഡ് വഴിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യു.എ.ഇ. ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്യുന്നതിൽ 10 ശതമാനത്തിലധികം എത്തുന്നത് യു.എ.ഇയിലാണ്.