കു​വൈ​ത്തിൽ ഇഖാമ, വിസ ഫീസ് നിരക്കുകളിൽ വർധന; ഡിസംബർ 23 മുതൽ പ്രാബല്യത്തിൽ


ഷീബ വിജയ൯

കുവൈത്ത് സിറ്റി: കുവൈത്തിൽ റെസിഡൻസി, വിസ സേവനങ്ങളുടെ വർധിപ്പിച്ച ഫീസ് നിരക്ക് ഡിസംബർ 23 മുതൽ പ്രാബല്യത്തിൽ വരും. ഒരു വർഷം മുമ്പ് പുറപ്പെടുവിച്ച താമസ നിയമത്തിലെ പുതിയ ബൈലോയിലാണ് പുതിയ ഇളവുകളും ഫീസ് നിരക്കും പ്രഖ്യാപിച്ചത്. പ്രധാന മാറ്റങ്ങൾ ഇവയാണ്: സന്ദർശന വിസകൾ നീട്ടാനും റെസിഡൻസിയിലേക്ക് മാറ്റാനുമുള്ള സൗകര്യം അനുവദിച്ചു. കൂടാതെ, നവജാതശിശുക്കൾക്ക് റെസിഡൻസി ലഭിക്കുന്നതിനുള്ള കാലാവധി നാല് മാസമായി നീട്ടി. കുടുംബ വിസക്ക് അപേക്ഷിക്കുന്ന സ്പോൺസർക്ക് വേണ്ട മിനിമം ശമ്പളം 800 ദീനാറാക്കി ഉയർത്തി. ഇണകളും കുട്ടികളും ഒഴികെയുള്ള ആശ്രിതരെ സ്പോൺസർ ചെയ്യുന്നതിനുള്ള ഫീസ് പ്രതിവർഷം 300 ദീനാറാക്കുകയും ചെയ്തു.

വിസ ഫീസ് വർധന: പുതിയ നിയമപ്രകാരം ജോലിക്കോ താമസത്തിനോ ഉള്ള എൻട്രി വിസകൾ, ടൂറിസം, കുടുംബ സന്ദർശന വിസകൾ ഉൾപ്പെടെ എല്ലാത്തരം വിസകളുടെയും ഫീസ് ഉയർത്തി. സർക്കാർ, ബിസിനസ്, കുടുംബം, മെഡിക്കൽ ചികിത്സ, ടൂറിസം എന്നിവയുൾപ്പെടെ മിക്ക സന്ദർശന വിസകൾക്കും മൂന്നു മാസംവരെ സാധുതയുണ്ടാകും. ഈ വിസകൾ പരമാവധി ഒരു വർഷത്തേക്ക് പുതുക്കാം. മൾട്ടിപ്പിൾ എൻട്രി വിസകൾക്ക് ഒരു വർഷംവരെ സാധുതയുണ്ടെങ്കിലും ഓരോ സന്ദർശനത്തിലും സന്ദർശകന് ഒരു മാസം വരെയാണ് താമസിക്കാൻ അനുവാദം.

റെസിഡൻസിയിലേക്ക് മാറ്റാവുന്ന വിസകൾ: ഗവൺമെന്റ് സന്ദർശന വിസകളിൽ വരുന്ന യൂനിവേഴ്സിറ്റി ബിരുദധാരികൾ, ഗാർഹിക സഹായികൾ, കുടുംബ സന്ദർശന വിസകളിൽ എത്തിയവർ, അധികാരികൾ അംഗീകരിക്കുന്ന മറ്റു കേസുകൾ എന്നിവയിൽ സന്ദർശന വിസകൾ സാധാരണ റെസിഡൻസിയിലേക്ക് മാറ്റാം.

ഇഖാമ പുതുക്കൽ ഫീസ്: സർക്കാർ, സ്വകാര്യ മേഖലകളിലെ മിക്ക റെസിഡൻസികൾക്കും വാർഷിക പുതുക്കൽ ഫീസ് 20 ദീനാറായി ഉയർത്തി. എല്ലാത്തരം വിദേശ നിക്ഷേപകർക്കും (ആർട്ടിക്കിൾ 19 ഉം 21 ഉം) റിയൽ എസ്റ്റേറ്റ് ഉടമകൾക്കും പ്രതിവർഷം റെസിഡൻസി ഫീസ് 50 ദീനാറാണ്. അതേസമയം സ്വയം സ്പോൺസർ ചെയ്ത താമസത്തിനുള്ള വാർഷിക ഫീസ് (ആർട്ടിക്കിൾ 24) 500 ദീനാറാണ്.

ശമ്പളപരിധിയിലെ ഇളവുകൾ: പ്രവാസികൾക്ക് അവരുടെ ഭാര്യമാരെയും ഭർത്താക്കന്മാരെയും കുട്ടികളെയും സ്പോൺസർ ചെയ്യാനുള്ള കുറഞ്ഞ പ്രതിമാസ ശമ്പളം 800 ദീനാർ ആണെങ്കിലും, ചില വിഭാഗങ്ങളെ കുറഞ്ഞ ശമ്പള മുൻവ്യവസ്ഥയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിയമ ഗവേഷകർ, യൂനിവേഴ്സിറ്റി പ്രൊഫസർമാർ, സർക്കാർ അധ്യാപകർ, ഇൻസ്പെക്ടർമാർ, സാമൂഹിക വിദഗ്ധർ, എൻജിനീയർമാർ, പള്ളികളിലെ ഇമാമുമാർ, മതപ്രഭാഷകർ, ഫാർമസിസ്റ്റുകളും നഴ്‌സുമാരും, പത്രപ്രവർത്തകർ, പരിശീലകരും കളിക്കാരും, സെമിത്തേരി തൊഴിലാളികൾ തുടങ്ങിയവർക്ക് ഇളവ് ലഭിക്കും.

article-image

asdsadasd

article-image

asdsadasd

You might also like

Most Viewed