മയക്കുമരുന്നിനെതിരെ ശക്തമായ നടപടി സ്വീകരിക്കും : കുവൈത്ത് ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി : മയക്കുമരുന്നിനെതിരായ നടപടികൾ ശക്തമാക്കിയെന്ന് ആഭ്യന്തരമന്ത്രാലയം. സമൂഹത്തെ മൊത്തം നശിപ്പിക്കുന്ന മാരകവസ്‌തു എന്നനിലയിൽ മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും ആഭ്യന്തരമന്ത്രാലയത്തിലെ പൊതുസുരക്ഷാവിഭാഗം അസി. അണ്ടർസെക്രട്ടറി മേജർ ജനറൽ ഖാലിദ് അബ്ദുല്ല അൽ ദയീൻ മുന്നറിയിപ്പ് നൽകി.
യുവസമൂഹത്തെ മയക്കുമരുന്നു വിപത്തിൽനിന്ന് രക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അൽ സബാഹ് ഉദ്യോഗസ്ഥർക്കു സർവ്വ പിന്തുണയും നൽകുന്നുണ്ട്. ലഹരി മരുന്ന് കണ്ടെത്താൻ ആധുനിക ഉപകരണങ്ങൾ ഉൾപ്പെടെ ശാസ്‌ത്രീയമാതൃകയിൽ അനിവാര്യമായ എല്ലാ സംവിധാനങ്ങളും അതിനായി പ്രയോഗിക്കുന്നുണ്ടെന്നും അൽ ദയീൻ പറഞ്ഞു.
ലഹരിമരുന്നുമായി ബന്ധപ്പെട്ടവർക്കു രക്ഷപ്പെടാനുള്ള വഴികളെല്ലാം പരമാവധി അടച്ചുകൊണ്ടുള്ള നീക്കങ്ങളാണ് സുരക്ഷാവിഭാഗം നടത്തുന്നത്. ലഹരിമരുന്നു സംഘങ്ങൾ അവരുടെ നീക്കങ്ങൾക്കു സ്വീകരിക്കുക ഏറ്റവും നൂതന വഴികളാണെന്നതാണ് ആഗോളതലത്തിൽ തന്നെയുള്ള അവസ്ഥ. അതുമനസ്സിലാക്കിക്കൊണ്ടു തന്നെ ലഹരി മാഫിയയെ നേരിടുന്നതിനുള്ള സംവിധാനങ്ങളാണ് സുരക്ഷാവിഭാഗത്തിന് അധികൃതർ നൽകിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായി ലഹരിമരുന്നു കടത്തുമായി ബന്ധപ്പെട്ട് 354 കേസുകൾ ര ജിസ്റ്റർ ചെയ്യുകയും 387 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തെന്ന് അൽ ദയീൻ പറഞ്ഞു.

