വിവാഹത്തിന് എത്താനാകാതെ കുവൈത്തിൽ കുടുങ്ങിയ ശ്വേതയുടെ യാത്രയ്ക്ക് വഴിയൊരുങ്ങി
പ്രദീപ് പുറവങ്ക l ബഹ്റൈൻ
വടകര : ഏപ്രിൽ 14, സ്വന്തം കല്യാണത്തിന് എത്താനാകാതെ സാങ്കേതിക കാരണങ്ങളാൽ കുവൈത്തിൽ കുടുങ്ങിയ പ്രതിശ്രുത വധു ശ്വേതയുടെ യാത്രയ്ക്ക് വഴിയൊരുങ്ങി. എംപി മാരായ ജോൺ ബ്രിട്ടാസ്, കെ സി വേണുഗോപാൽ, പി പി സുനീർ എന്നിവർ കുവൈത്തിലെ ഇന്ത്യൻ എംബസിയുമായി നടത്തിയ ഇടപെടലിനു പിന്നാലെ കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് സീ ഈ ഓ ശറഫുദ്ധീൻ കണ്ണെത്ത്, കുവൈത്ത് എയർ വെയ്സ് അധികൃതരുമായി രണ്ടു ദിവസമായി നടത്തി വരുന്ന നിരന്തരമായ ചർച്ചകൾക്ക് ശേഷമാണ് അൽപ നേരം മുമ്പ് തടസ്സങ്ങൾ നീങ്ങിയത്..ഈ മാസം 18 നാണ് തൃശ്ശൂർ സ്വദേശിനിയായ ശ്വേതയും ബഹ്‌റൈൻ പ്രവാസിയായ വടകര തിരുവള്ളൂർ സ്വദേശി അശ്വിനും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്.
കുവൈത്ത് എയർ വെയ്സ് ജീവനക്കാരിയാണ് ശ്വേത. നേരത്തെ കുവൈത്ത് വിമാന താവളത്തിലെ ഗ്രൗണ്ട് ഹാന്റിലിംഗ് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന നാസിൽ ആയിരുന്നു ശ്വേത ജോലി ചെയ്തിരുന്നത്. രണ്ട് മാസം മുമ്പ് ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ കുവൈത്ത് എയർ വെയ്സ് നേരിട്ട് ഏറ്റെടുത്തതോടെയാണ് സ്ഥാപനത്തിലെ ജീവനക്കാരും കുവൈത്ത് എയർ വെയ്സിന്റെ കീഴിലേക്ക് മാറിയത്. ഫലത്തിൽ ശ്വേതയുടെ പ്രോബെഷനൽ കാലാവധി സാങ്കേതികമായി പൂർത്തിയായിരുന്നില്ല.ഈ കാരണത്താലാണ് ശ്വേതക്ക് കുവൈത്ത് എയർവ്വേസ് വിവാഹത്തിനുള്ള അവധി നിഷേധിച്ചത്.. ഇതെ തുടർന്നാണ് കഴിഞ്ഞ മാസം നാലിനു ശ്വേത ജോലി രാജി വെച്ചത്.
എന്നാൽ ശ്വേതയുടെ വിസ റദ്ധാക്കൽ നടപടികളിൽ കാലതാമസം നേരിട്ടതോടെയാണ് യാത്ര അനിശ്ചിതത്തിൽ ആയത്. ഇതെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ എംപി മാരായ ജോൺ ബ്രിട്ടാസ്, കെ സി വേണുഗോപാൽ, പി പി സുനീർ എന്നിവർ വിഷയത്തിൽ ഇടപെടുകയും കുവൈത്തിലെ ഇന്ത്യൻ എംബസിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് സീ ഈ ഓ യുമായ ശറഫുദ്ധീൻ കണ്ണേത്ത് കുവൈത്ത് എയർ വെയ്സ് അധികൃതരുമായി ബന്ധപ്പെട്ട് വിഷയത്തിൽ ഇടപെടൽ നടത്തുകയും ചെയ്ത് വരികയായിരുന്നു.
വിഷയത്തിന്റെ മാനുഷിക പരിഗണന കണക്കിലെടുത്തു വിസ ക്യാൻസൽ ചെയ്യാതെ ശ്വേതക്ക് നാട്ടിലേക്ക് മടങ്ങാൻ കുവൈത്ത് എയർവേസ് അധികൃതർ അനുമതി നൽകുകയായിരുന്നു . ഇതെ തുടർന്നാണ് അല്പം വൈകിയാണെങ്കിലും ശ്വേതക്ക് മംഗല്യ പന്തലിൽ എത്താൻ അവസരം കൈവന്നിരിക്കുന്നത്. ഇന്ന് വൈകുന്നേരം കുവൈത്തിൽ നിന്നു ദമാമ്മിലേക്കും നാളെ രാവിലെ ദമാമിൽനിന്ന്കൊച്ചിയിലേക്കുമാണ് ശ്വേതയുടെ യാത്ര ക്രമീകരിച്ചിരിക്കുന്നത്.
vsdds




