രാജ്യസുരക്ഷ തകർക്കാനുള്ള ഗൂഢാലോചന തകർത്തു; കുവൈറ്റിൽ 24 പേർ അറസ്റ്റിൽ
പ്രദീപ് പുറവങ്കര I ഗൾഫ്
കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ ആഭ്യന്തര സുരക്ഷ തകർക്കാനും ഭീകരവാദ പ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കാനും ലക്ഷ്യമിട്ടുള്ള വൻ ഗൂഢാലോചന കുവൈറ്റ് ആഭ്യന്തര മന്ത്രാലയം തകർത്തു. സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് നടത്തിയ പഴുതടച്ച നീക്കത്തിനൊടുവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പണവുമായി 24 പൗരന്മാരെ പിടികൂടി. ഇതിൽ ഒരാൾ നേരത്തെ പൗരത്വം റദ്ദാക്കപ്പെട്ട വ്യക്തിയാണെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
മതപരമായ ആവശ്യങ്ങൾക്കെന്ന വ്യാജേന വിദേശത്തുനിന്നുള്ള നിർദ്ദേശാനുസരണം പണം സമാഹരിക്കുകയായിരുന്നു ഈ സംഘം ചെയ്തിരുന്നത്. സമാഹരിച്ച പണം സൂക്ഷിച്ചുവെച്ച ശേഷം രഹസ്യമായി വിദേശത്തേക്ക് കടത്താനായിരുന്നു ഇവരുടെ നീക്കം. കേസിൽ ഉൾപ്പെട്ട എട്ടുപേർ വിദേശത്തേക്ക് കടന്നതായും ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും അധികൃതർ വ്യക്തമാക്കി.
വിശ്വാസികളെ കബളിപ്പിച്ചാണ് സംഘം വൻതോതിൽ ഫണ്ട് ശേഖരിച്ചത്. സന്നദ്ധ പ്രവർത്തനങ്ങൾക്കും മതപരമായ കാര്യങ്ങൾക്കുമാണെന്ന ഉറപ്പിന്മേൽ പൊതുജനങ്ങൾ നല്ല വിശ്വാസത്തോടെയാണ് പണം നൽകിയത്. എന്നാൽ, അന്വേഷണത്തിൽ ഈ പണം ഭീകരവാദ സംഘടനകൾക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. പണം നൽകിയവരുടെ വിശ്വാസത്തെ വഞ്ചിച്ചുകൊണ്ട് ലക്ഷ്യസ്ഥാനങ്ങളിൽ നിന്ന് പണം വകമാറ്റി ചെലവഴിക്കുകയായിരുന്നു ഇവർ.
പരിശോധന ഒഴിവാക്കാനായി വ്യാപാര സ്ഥാപനങ്ങളെയും പ്രൊഫഷണൽ സ്ഥാപനങ്ങളെയും മറയാക്കിയാണ് സംഘം പണം കൈമാറിയിരുന്നത്. പിടിക്കപ്പെടാതിരിക്കാൻ പല വ്യക്തികളിലായി പണം വീതിച്ചുനൽകി കര-വ്യോമ മാർഗ്ഗങ്ങളിലൂടെ വിദേശത്തേക്ക് കടത്തുകയായിരുന്നു രീതി. പിടിയിലായവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താൻ വിപുലമായ അന്വേഷണം തുടരുകയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നതോ ഭീകരവാദത്തിന് പിന്തുണ നൽകുന്നതോ ആയ ഒരു പ്രവർത്തനവും അനുവദിക്കില്ലെന്ന് കുവൈറ്റ് സർക്കാർ ആവർത്തിച്ചു.
sdsdsf




