സുസുക്കി ജിംനിയുടെ ഏറ്റവും വിലയേറിയ പതിപ്പ് 'റൈനോ സ്പെഷ്യൽ എഡിഷൻ' ഓസ്‌ട്രേലിയൻ വിപണിയിൽ പുറത്തിറങ്ങി
ഷീബ വിജയൻ
ജാപ്പനീസ് വാഹന നിർമ്മാതാക്കളായ സുസുക്കിയുടെ ജനപ്രിയ ഓഫ്-റോഡർ ജിംനിയുടെ ഏറ്റവും വിലയേറിയ പതിപ്പായ 'ജിംനി എക്സ് എൽ റൈനോ സ്പെഷ്യൽ എഡിഷൻ' (Jimny XL Rhino Special Edition) ഓസ്‌ട്രേലിയൻ വിപണിയിൽ ഔദ്യോഗികമായി പുറത്തിറങ്ങി. അഞ്ച് ഡോർ ജിംനി എക്സ് എല്ലിനെ അടിസ്ഥാനമാക്കിയാണ് ഈ പരിമിതകാല പ്രത്യേക പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്. ആകർഷകമായ ഡിസൈൻ മാറ്റങ്ങളും ഒട്ടനവധി പ്രീമിയം ആക്സസറികളുമാണ് ഈ അത്യാധുനിക വാഹനത്തിന്റെ പ്രധാന ആകർഷണം.
കയ്നെറ്റിക് യെല്ലോ (Kinetic Yellow) നിറവും പേൾ ബ്ലാക്ക് റൂഫും ചേർന്നുള്ള മനോഹരമായ ഡ്യുവൽ ടോൺ നിറമാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. പുതിയ 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഗ്ലോസ് ബ്ലാക്ക് - സാറ്റിൻ അലുമിനിയം ഡെക്കലുകൾ, റൈനോ തീം ഗ്രാഫിക്സ്, ഹെറിറ്റേജ് ഡിസൈൻ ഫ്രണ്ട് ഗ്രില്ല് എന്നിവ ഇതിനെ സ്റ്റാൻഡേർഡ് മോഡലുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാക്കുന്നു. കാബിനുള്ളിൽ റൈനോ ലോഗോ പതിച്ച പ്രീമിയം സീറ്റുകൾ, കയ്നെറ്റിക് യെല്ലോ സ്റ്റിച്ചിങ്ങോട് കൂടിയ ലെതർ ഇൻസേർട്ടുകൾ, ആംബിയന്റ് ഫുട്‌വെൽ ലൈറ്റിങ്, പയനിയർ സ്പീക്കർ സിസ്റ്റം എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.
കൂടാതെ, വാഹനത്തോടൊപ്പം ബ്രാൻഡ് ചെയ്ത വിവിധ ആക്സസറികളും ഉപഭോക്താക്കൾക്ക് പാക്കേജായി ലഭിക്കും. പ്രത്യേക കീ കേസ്, ബക്കറ്റ് ഹാറ്റ്, പോർട്ടബിൾ ലാൻ്റൺ, കൂളർ ബോക്സ്, ബ്ലാങ്കറ്റ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഇതിനെല്ലാം പുറമെ ഒരു പ്രത്യേകതയായി, 'കൊക്കോ ബ്ലാക്ക്' (Koko Black) ഡാർക്ക് ചോക്ലേറ്റ് പിസ്ത പ്രാലൈനുകൾ അടങ്ങിയ ഒരു പ്രീമിയം ബോക്സും ഈ പാക്കേജിന്റെ ഭാഗമായി സുസുക്കി നൽകുന്നുണ്ട്. മെക്കാനിക്കൽ വശങ്ങളിൽ മാറ്റങ്ങളൊന്നുമില്ലാതെ, നിലവിലുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലാണ് വാഹനം എത്തുന്നത്. ഇതിൽ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ലഭ്യമാണ്. സാധാരണ ജിംനി എക്സ് എല്ലിനെ അപേക്ഷിച്ച് ഏകദേശം 10,000 ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 6.63 ലക്ഷം രൂപ) അധികം ഈ പുതിയ പതിപ്പിന് നൽകണം. മാനുവൽ പതിപ്പിന് 44,990 ഓസ്‌ട്രേലിയൻ ഡോളറും (ഏകദേശം 29.83 ലക്ഷം രൂപ) ഓട്ടോമാറ്റിക് പതിപ്പിന് 47,990 ഓസ്‌ട്രേലിയൻ ഡോളറുമാണ് (ഏകദേശം 31.82 ലക്ഷം രൂപ) എക്സ് ഷോറൂം വില വരുന്നത്. ഓസ്‌ട്രേലിയയിൽ ജിംനി പ്രേമികൾക്കിടയിൽ ഇതിനകം തന്നെ വലിയ താല്പര്യം ഈ സ്പെഷ്യൽ എഡിഷൻ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ ഈ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്നതിനെക്കുറിച്ച് നിലവിൽ കമ്പനി ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
assa

