ചോദ്യമുനയിൽ വീണ; മാസപ്പടിയിൽ കടുത്ത ചോദ്യം ചെയ്യലിനായി വീണ്ടും ഹാജരായി; ചോദ്യം ചെയ്യൽ എസ്.എഫ്.ഐ.ഒ രേഖകൾ ലഭിച്ചതിനു പിന്നാലെ
ഷീബ വിജയൻ
കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ)-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ഹാജരായി. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ രണ്ടാം തവണയാണ് ചോദ്യം ചെയ്യലിനായി വീണയെത്തുന്നത്. തിങ്കളാഴ്ചയ്ക്കുള്ളിൽ ഹാജരാകാൻ ഇ.ഡി നേരത്തെ നോട്ടീസ് നൽകിയിരുന്നുവെങ്കിലും, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൽനിന്ന് (എസ്.എഫ്.ഐ.ഒ) കേസിൽ നിർണായകമായ 134 രേഖകൾ കേന്ദ്ര ഏജൻസിക്ക് ലഭ്യമായ പശ്ചാത്തലത്തിലാണ് ഈ അടിയന്തര ചോദ്യം ചെയ്യൽ. എസ്.എഫ്.ഐ.ഒ കോടതിയിൽ സമർപ്പിച്ചിരുന്ന ഡിജിറ്റൽ രേഖകളുടെ സോഫ്റ്റ് കോപ്പിയാണ് പി.എം.എൽ.എ പ്രത്യേക കോടതി വഴി ഇ.ഡി കൈപ്പറ്റിയത്. ടി. വീണയും സി.എം.ആർ.എല്ലും തമ്മിൽ ഒപ്പുവെച്ച വിവാദപരമായ കരാറുകൾ, വീണയുടെ ആദായനികുതി റിട്ടേണുകൾ, എക്സാലോജിക്കിന്റെ സാമ്പത്തിക ഇടപാട് വിവരങ്ങൾ തുടങ്ങിയ സുപ്രധാന രേഖകളാണ് ഇ.ഡിക്ക് ലഭിച്ചത്. ഈ രേഖകൾ കൈമാറുന്നത് തടയാൻ സി.എം.ആർ.എൽ നിയമപരമായി ശ്രമിച്ചിരുന്നെങ്കിലും അവരുടെ തടസ്സവാദങ്ങൾ ഹൈക്കോടതി തള്ളിയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കാലതാമസം നേരിട്ടതിനാലാണ് ഇത്രയും വൈകിയത്. കേസുമായി ബന്ധപ്പെട്ട് ഇതിനുമുമ്പ് രണ്ടു തവണ വീണയെ ചോദ്യം ചെയ്യുകയും തിരുവനന്തപുരം എച്ച്.ഡി.എഫ്.സി ബാങ്കിലെ ലോക്കർ പരിശോധിക്കുകയും ചെയ്തിരുന്നു. സി.എം.ആർ.എൽ കമ്പനിയിൽനിന്ന് വീണയ്ക്ക് 2016 മുതൽ 2021 വരെയുള്ള കാലയളവിൽ പ്രതിമാസം എട്ട് ലക്ഷം രൂപ വീതം 2.78 കോടി രൂപയും, സഹോദര സ്ഥാപനമായ എംപവർ ഇന്ത്യ കാപ്പിറ്റലിൽനിന്ന് 50 ലക്ഷം രൂപ വായ്പയും ലഭിച്ചതായാണ് കേസ്.
qwqwqw

