സ്വർണവില കുത്തനെ താഴേക്ക്; പവന് 2,040 രൂപ കുറഞ്ഞ് വില ഒരു ലക്ഷത്തിന് അടുത്തെത്തി, വെള്ളിക്കും റെക്കോഡ് ഇടിവ്
ഷീബ വിജയൻ
കഴിഞ്ഞ രണ്ട് ദിവസമായി തുടർച്ചയായി കുറഞ്ഞ സ്വർണവിലയിൽ ഇന്നും വൻ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 255 രൂപ കുറഞ്ഞ് 12,845 രൂപയും, പവന് 2,040 രൂപ കുറഞ്ഞ് 1,02,760 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇതോടെ സ്വർണവില ഒരു ലക്ഷം രൂപയിലേക്ക് അടുക്കുകയാണ്. വെള്ളിവിലയിലും റെക്കോഡ് ഇടിവാണുണ്ടായത്. വെള്ളിയുടെ വില ഗ്രാമിന് 10 രൂപയും കിലോയ്ക്ക് 10000 രൂപയും കുറഞ്ഞ് നിലവിൽ ഗ്രാമിന് 235 രൂപയിലെത്തി. കഴിഞ്ഞ ബുധനാഴ്ച ഗ്രാമിന് 310 രൂപയും പവന് 2,480 രൂപയും കുറഞ്ഞ് 1,06,040 രൂപയിലായിരുന്നു വിപണി ക്ലോസ് ചെയ്തത്. ഇന്നലെയും രണ്ടു തവണയായി ഗ്രാമിന് 155 രൂപ കുറഞ്ഞ് പവന് 1,04,800 രൂപയിലായിരുന്നു ക്ലോസിങ്. കഴിഞ്ഞ ആഴ്ചയിലെ വലിയ ഇടിവിന് ശേഷം ശനിയാഴ്ചയും തിങ്കളാഴ്ചയുമായി വില ചെറിയ രീതിയിൽ ഉയർന്നിരുന്നെങ്കിലും പിന്നീട് വീണ്ടും താഴേക്ക് പതിക്കുകയായിരുന്നു. ആഗോളവിപണിയിൽ ഈ വർഷം ജനുവരിയിൽ 5,500 ഡോളർ വരെ എത്തിയ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസ് നിലവിൽ 4000 ഡോളറിന് താഴേക്ക് കൂപ്പുകുത്തി 3,995.43 ഡോളറിലെത്തി. ഈ വർഷം ജനുവരി 31-നായിരുന്നു കേരളത്തിൽ സ്വർണം റെക്കോഡ് വിലയായ പവന് 1,31,160 രൂപയിലെത്തിയത്.
asqweqweqw

