ഗൾഫിൽ വീണ്ടും യുദ്ധഭീതി: കുവൈത്തിനും ബഹ്‌റൈനും നേരെ ഇറാന്റെ മിസൈലാക്രമണം; തിരിച്ചടിച്ച് യുഎസ്
ഷീബ വിജയൻ
ടെഹ്റാൻ: ഗൾഫ് മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണവും യുഎസിന്റെ ശക്തമായ തിരിച്ചടിയും. കുവൈത്തിനും ബഹ്‌റൈനും നേരെ ഇറാൻ തൊടുത്തുവിട്ട മിസൈലുകൾക്ക് പിന്നാലെ, ഇറാന്റെ തന്ത്രപ്രധാനമായ ഖഷം ദ്വീപ് ലക്ഷ്യമാക്കി യുഎസ് സൈന്യം ശക്തമായ വ്യോമാക്രണം നടത്തി. സഖ്യരാജ്യങ്ങളുടെ സുരക്ഷ മുൻനിർത്തിയുള്ള 'സ്വയംരക്ഷാ ആക്രമണം' എന്നാണ് ഇതിനെ യുഎസ് സെൻട്രൽ കമാൻഡ് വിശേഷിപ്പിച്ചത്. കുവൈത്തിന് നേരെ വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തും മുൻപ് കടലിൽ തകരുകയും, ബഹ്‌റൈന് നേരെ വന്ന മൂന്ന് മിസൈലുകൾ യുഎസ്-ബഹ്‌റൈൻ വ്യോമപ്രതിരോധ സേനകൾ ചേർന്ന് വെടിവെച്ചിടുകയും ചെയ്തു.
തുടർന്ന് ഖഷം ദ്വീപിലെ ഇറാന്റെ സൈനിക ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെ യുഎസ് ബോംബാക്രമണം നടത്തി. എന്നാൽ, തിരിച്ചടിയായി ബഹ്റൈനിലെ യുഎസ് അഞ്ചാം നാവികവ്യൂഹത്തിന്റെ ആസ്ഥാനത്തിന് നേരെ ആക്രമണം നടത്തിയതായി ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു. എങ്കിലും തങ്ങളുടെ സൈനിക താവളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും മൂന്ന് ഇറാന്റെ ഡ്രോണുകൾ കൂടി വെടിവെച്ചിട്ടതായും യുഎസ് വ്യക്തമാക്കി. നിലവിൽ ഗൾഫ് മേഖലയിലാകെ കനത്ത ജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
adsadsas

