ഫോൺ കാർഡുകൾക്ക് പിന്നാലെ പേപ്പർ കപ്പുകളും; രണ്ടാമതും ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സുനിൽ ജോസഫ്


ഷീബ വിജയൻ

ഉപയോഗിച്ച ശേഷം സാധാരണയായി നമ്മൾ എറിഞ്ഞുകളയുന്ന പേപ്പർ കപ്പുകൾ ശേഖരിച്ച് ചരിത്രവിജയം കുറിച്ചിരിക്കുകയാണ് ഇടുക്കി പീരുമേട് സ്വദേശിയായ സുനിൽ ജോസഫ്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പേപ്പർ കപ്പുകൾ ശേഖരിച്ച് തന്റെ രണ്ടാമത്തെ ഗിന്നസ് ലോക റെക്കോർഡാണ് ഈ 57-കാരനായ സാമൂഹിക പ്രവർത്തകൻ സ്വന്തമാക്കിയത്. 31 രാജ്യങ്ങളിൽ നിന്നായി ശേഖരിച്ച 858 വ്യത്യസ്തമായ പേപ്പർ കപ്പുകളാണ് സുനിലിനെ ഈ ആഗോള നേട്ടത്തിന് അർഹനാക്കിയത്. നിലവിൽ ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ ശേഖരമാണിത്; ഇതിൽ 5 മില്ലിലിറ്റർ വലിപ്പമുള്ള ചെറിയ കപ്പുകൾ മുതൽ 500 മില്ലിലിറ്റർ വരെയുള്ള വലിയ കണ്ടെയ്നറുകൾ വരെയുണ്ട്. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്റ്റാമ്പുകളും നാണയങ്ങളും ശേഖരിച്ചുകൊണ്ടാണ് സുനിൽ തുടക്കമിട്ടത്. പിന്നീട് വർഷങ്ങൾ കടന്നുപോയതോടെ ടെലിഫോൺ കാർഡുകൾ, വിവിധ രാജ്യങ്ങളിലെ കറൻസികൾ, എയർലൈൻ ബോർഡിംഗ് പാസുകൾ തുടങ്ങി അനേകം വസ്തുക്കൾ ശേഖരിച്ചു. ഇതിനുമുമ്പ് 2013-ൽ ലോകത്തിലെ ഏറ്റവും വലിയ ടെലിഫോൺ കാർഡ് ശേഖരത്തിനായിരുന്നു സുനിലിന് ആദ്യ ഗിന്നസ് റെക്കോർഡ് ലഭിച്ചത്. വിദേശത്തു താമസിക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളുമാണ് പേപ്പർ കപ്പുകൾ ശേഖരിക്കുന്നതിൽ സുനിലിനെ സഹായിച്ചത്. പീരുമേട്ടിലെ തന്റെ വീട്ടിൽ പ്രത്യേകം തയ്യാറാക്കിയ ഷെൽഫുകളിലാണ് സുനിൽ ഈ ലോകവിശേഷങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. തന്റെ കൈവശമുള്ള വിവാഹ ക്ഷണക്കത്തുകളുടെ വിപുലമായ ശേഖരത്തിന് മൂന്നാമതൊരു ഗിന്നസ് റെക്കോർഡ് കൂടി നേടിയെടുക്കാനുള്ള ഒരുക്കത്തിലാണ് സുനിൽ ഇപ്പോൾ.

article-image

assawdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed