അഗ്നിപഥ് പദ്ധതിക്കെതിരേ കേരളത്തിലും വാട്സ് ആപ്, ടെലിഗ്രാം ഗ്രൂപ്പുകൾ

കണ്ണൂർ: കേന്ദ്രസർക്കാരിന്‍റെ അഗ്നിപഥ് പദ്ധതിക്കെതിരേ കേരളത്തിലും വാട്സ്ആപ്, ടെലി ഗ്രാം ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നു. ഇവയ്ക്കെതിരേ ജാഗ്രത പുലർത്തണമെന്നു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന ആഭ്യന്തരവകുപ്പിനു നിർദേശം നൽകി. ചില തീവ്രസംഘടനകളുടെ നേതൃത്വത്തിലാണ് ഇത്തരം ഗ്രൂപ്പുകൾ സജീവമായിരിക്കുന്നത്.
കേരളത്തിലെ സൈനിക റിക്രൂട്ട്മെന്‍റ് കേന്ദ്രങ്ങൾക്കു മുന്നിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കണമെന്നും ആത്മഹത്യാഭീഷണി ഉൾപ്പെടെ മുഴക്കണമെന്നും വാട്സ്ആപ്, ടെലിഗ്രാം കൂട്ടായ്മയിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം ഈ കൂട്ടായ്മയുടെ ഓൺലൈൻ മീറ്റിംഗടക്കം സംസ്ഥാനത്ത് നടന്നതായും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു.
രാഷ്‌ട്രീയ പാർട്ടികളുടെ യുവജനസംഘടനകളെയും പല ഗ്രൂപ്പുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗം നൽകിയ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണു പോലീസ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ റൂട്ട് മാർച്ച് നടത്തിയത്. അഗ്നിപഥ് പദ്ധതിക്കെതിരേ കേരളത്തിൽ ഉയരുന്ന പ്രക്ഷോഭങ്ങളിൽ കനത്ത ജാഗ്രത പുലർത്തണമെന്നും രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നു.