അട്ടപ്പാടി മധു കേസ്; വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി


അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി. വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ സമർപ്പിച്ച ഹർജിയിലാണ് നടപടി. പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപേക്ഷ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ സർക്കാരിന്റെ തീരുമാനം വരെ കാക്കാനാണ് ഹൈക്കോടതി നിർദേശം. വിചാരണ തുടങ്ങിയതിന് ശേഷം സാക്ഷികൾ കൂറുമാറിയതിനെ തുടർന്ന് പ്രോസിക്യൂഷന്റെ പോരായ്മ കൊണ്ടാണ് സാക്ഷികൾ മൊഴി മാറ്റുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂട്ടറെ മാറ്റിവെക്കണമെന്ന് മധുവിന്റെ അമ്മ ആവശ്യപ്പെട്ടിരുന്നു 

നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് വിചാരണക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളുകയായിരുന്നു. ഫലപ്രദമായ രീതിയിൽ വാദം നടത്താൻ പ്രോസിക്യൂട്ടർ രാജേന്ദ്രന് കഴിയുന്നില്ലെന്ന ചൂണ്ടിക്കാട്ടി മധുവിന്റെ സഹോദരിയും അമ്മയുമാണ് മണ്ണാർക്കാട് വിചാരണക്കോടതിയിൽ ഹർജി നൽകിയത്. എന്നാൽ സർക്കാർ നിയമിച്ച അഭിഭാഷകനെ മാറ്റാൻ കോടതിക്ക് അധികാരമില്ലെന്നും ഇങ്ങനെ ഒരു ആവശ്യം ഉണ്ടെങ്കിൽ പരാതിക്കാർ സർക്കാരിനെ സമീപിക്കണമെന്നും ചൂണ്ടിക്കാട്ടിയ കോടതി ഹർജി തള്ളുകയായിരുന്നു.

വിചാരണക്കോടതി ഹർജി തള്ളിയതിനെ തുടർന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന് കത്ത് അയക്കുകയായിരുന്നു. കേസിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.സി രാജേന്ദ്രന് വിചാരണയിൽ പരിചയക്കുറവുണ്ട്. രണ്ട് സാക്ഷികൾ കൂറുമാറിയത് പ്രോസിക്യൂട്ടറുടെ വീഴ്ചയാണെന്നുമായിരുന്നു കത്തിലെ ആരോപണം.

സാക്ഷികളെ പ്രതികൾ ഒളിവിൽ പാർപ്പിച്ച് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നുവെന്നും മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു. മധുവിനെ മർദ്ദിക്കുന്നത് കണ്ടു എന്ന് മജിസ്ട്രേറ്റിന് മുമ്പിൽ നേരത്തെ മൊഴി നൽകിയ പത്താം സാക്ഷി ഉണ്ണികൃഷ്ണനും പതിനൊന്നാം സാക്ഷി ചന്ദ്രനുമാണ് കൂറുമാറിയത്. പൊലീസ് ഭീഷണിക്ക് വഴങ്ങിയാണ് ആദ്യമൊഴിയെന്ന് ഇരുവരും കോടതിയിൽ തിരുത്തി പറയുകയായിരുന്നു.

You might also like

Most Viewed