മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ സർവീസിൽ തിരികെ പ്രവേശിച്ചു

സസ്പെൻഷനിലായിരുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ സർവീസിൽ തിരികെ പ്രവേശിച്ചു. സെക്രട്ടേറിയറ്റിലെത്തിയ ശിവശങ്കർ സസ്പെൻഷൻ പിൻവലിച്ച ഉത്തരവ് കൈപ്പറ്റി. പുതിയ തസ്തിക സംബന്ധിച്ച് തീരുമാനമായില്ല. രണ്ടു ദിവസത്തിനകം പുതിയ തസ്തിക നൽകി ഉത്തരവിറക്കിയേക്കും. മുൻ ഐടി പ്രിൻസിപ്പൽ സെക്രട്ടറികൂടിയായ ശിവശങ്കറിനെ ബുധനാഴ്ച മുതൽ സർവീസിൽ തിരിച്ചെടുത്തുകൊണ്ടു ചീഫ് സെക്രട്ടറി വി.പി ജോയ് ഉത്തരവിറക്കിയിരുന്നു.
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു കസ്റ്റംസും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും റജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതിയായിരുന്ന ശിവശങ്കറിനെ സർവീസിൽ തിരികെ പ്രവേശിപ്പിക്കണമെന്നു ചീഫ് സെക്രട്ടറി അധ്യക്ഷനായ സസ്പെൻഷൻ പുനരവലോകന സമിതി ശിപാർശ ചെയ്തിരുന്നു.