അക്കൗണ്ടിൽ കൂടുതൽ പണം വന്നത് പച്ചക്കറി വ്യാപാരത്തിലൂടെയെന്ന് ബിനീഷ്: ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഒരാഴ്ചത്തേക്ക് മാറ്റി

ബംഗളുരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യപേക്ഷ കർണാടക ഹൈക്കോടതി ഒരാഴ്ചത്തേക്ക് മാറ്റി. കേസിൽ വിശദമായ വാദം ആവശ്യമാണെന്ന് ചുണ്ടിക്കാട്ടിയ കോടതി ഏഴു മാസത്തെ ജയിൽവാസം ജാമ്യം നൽകാനുള്ള കാരണമല്ലെന്നും വ്യക്തമാക്കി. ക്യാൻസർ ബാധിതനായ പിതാവ് കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാൻ നാട്ടിൽ പോകാൻ ജാമ്യം അനുവദിക്കണമെന്നാണ് ബിനീഷ് കോഡടിയേരി ആവശ്യമുയർത്തിയിരിക്കുന്നത്. കോടിയേരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റും നേരത്തെ ബിനീഷ് ഹാജരാക്കിയിരുന്നു. ബിനീഷിന്റെ ജാമ്യപേക്ഷ എന്‍ഫോഴ്‌സ്‌മെന്റ് പ്രത്യേക കോടതി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
തന്റെ അക്കൗണ്ടിൽ കൂടുതൽ പണം വന്നത് പച്ചക്കറി വ്യാപാരത്തിലൂടെയാണെന്നാണ് ബിനീഷിന്റെ വാദം. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെടുത്തി ഇഡി അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാലാം പ്രതിയാണ് ബിനീഷ്.