ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണി: തിരുവനന്തപുരത്ത് 21 വയസ്സുകാരൻ ആസിഡ് കുടിച്ച് മരിച്ചു


ശാരിക I കേരളം

തിരുവനന്തപുരം: ഓൺലൈൻ ലോൺ മാഫിയയുടെ ക്രൂരമായ ഭീഷണിയെത്തുടർന്ന് ആര്യനാട് സ്വദേശിയായ യുവാവ് ജീവനൊടുക്കി. ആര്യനാട് പറണ്ടോട് ആനന്ദ് ഭവനിൽ സുരേഷ്‌കുമാറിന്റെയും അഞ്ജനയുടെയും മകൻ ആനന്ദ് (21) ആണ് മരിച്ചത്. ലോൺ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് യുവാവിന്റെ ചിത്രങ്ങൾ അശ്ലീലമായി മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പറയപ്പെടുന്നു.

കഴിഞ്ഞ അഞ്ച് ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ആനന്ദ്, ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് മരണത്തിന് കീഴടങ്ങിയത്. മാർച്ച് നാലിന് ഉച്ചയ്ക്ക് താൻ ജോലി ചെയ്തിരുന്ന പുളിമൂടുള്ള ടയർ കടയിൽ വെച്ചാണ് ആനന്ദ് ആസിഡ് കഴിച്ചത്. അവശനിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ഉടൻ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

യുവതലമുറയെ ലക്ഷ്യമിടുന്ന ഓൺലൈൻ ചതിക്കുഴികൾക്കെതിരെ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ആനന്ദിന്റെ മരണത്തിന് ഉത്തരവാദികളായ ലോൺ മാഫിയയെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇത്തരം ആപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed