കുംഭമേള താരം മൊണാലിസ ഭോസ്‌ലെ വിവാഹിതയാകുന്നു; സംരക്ഷണമൊരുക്കി കേരളം
ശാരിക l കേരളം
തിരുവനന്തപുരം: പ്രണയം വീട്ടുകാർ എതിർത്തതോടെ സംരക്ഷണം തേടി തിരുവനന്തപുരത്തെ പോലീസ് സ്റ്റേഷനിലെത്തിയ കുംഭമേള വൈറൽ താരം മൊണാലിസ ഭോസ്‌ലെ ഉടൻ വിവാഹിതയാകും. പൂവാറിനടുത്ത് അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ച് നടക്കുന്ന വിവാഹച്ചടങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി ശിവൻകുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹിം എംപി എന്നിവർ പങ്കെടുക്കും.
മഹാരാഷ്ട്ര സ്വദേശി ഫർമാൻ ഖാനാണ് വരൻ. കേരളം മാനവസൗഹൃദത്തിന്റെ ഇടമാണെന്നും ഏത് മതത്തിൽ പെട്ടവരെയും വിവാഹം കഴിക്കാനുള്ള അവകാശം ഈ രാജ്യത്തുണ്ടെന്നും എ എ റഹിം മാധ്യമങ്ങളോട് പറഞ്ഞു. കേരളം മാനവസൗഹൃദത്തിന്റെ ഇടമാണെന്നും ഭരണഘടന നൽകുന്ന അവകാശം നിർഭയം സാധ്യമാകുന്ന ഏക ഇന്ത്യൻ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "വിവാഹം സ്വർഗത്തിലാണ്, ആ സ്വർഗത്തിന്റെ പേരാണ് കേരളം" എന്ന് അദ്ദേഹം പറഞ്ഞു.
മൊണാലിസ ഭോസ്‌ലെ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വിഴിഞ്ഞം പൂവാറിൽ വെച്ച് നടന്നിരുന്നു. ഈ ചിത്രത്തിലെത്തന്നെ നായകനായ യുവാവുമായി ഇവർ പ്രണയത്തിലായിരുന്നു. വീട്ടുകാർ ഇത് എതിർത്തതോടെയാണ് ഇരുവരും തമ്പാനൂർ പോലീസ് സ്റ്റേഷനിൽ സംരക്ഷണം തേടിയെത്തിയത്. മൊണാലിസ ഭോസ്‌ലെയും യുവാവുമായുള്ള ബന്ധത്തോട് പിതാവ് അടക്കമുള്ള ബന്ധുക്കൾക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. മൊണാലിസയെ ബന്ധുവായ മറ്റൊരു യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കണമെന്നായിരുന്നു രക്ഷിതാക്കളുടെ ആവശ്യം.
എന്നാൽ പതിനെട്ട് വയസ് പൂർത്തിയായതിനാൽ യുവതിക്ക് ഇഷ്ടമുള്ള വ്യക്തിക്കൊപ്പം ജീവിക്കാം എന്ന് പോലീസ് ബന്ധുക്കളെ അറിയിച്ചതോടെ വിഷയം ഒത്തുതീർപ്പിലെത്തുകയായിരുന്നു. മഹാകുംഭമേളയ്ക്കിടെ സമൂഹമാധ്യമത്തിൽ ശ്രദ്ധേയയായ മൊണാലിസ ഭോസ്‌ലെ അടുത്തിടെയാണ് സിനിമയിലേക്ക് ചുവടുവെച്ചത്. ഉദ്ഘാടന ചടങ്ങുകൾക്കും മറ്റുമായി താരം നേരത്തെയും കേരളത്തിൽ എത്തിയിട്ടുണ്ട്.
dfgdgf


