കേരള നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം; 31 പേർ മത്സരരംഗത്ത്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ന്യൂഡൽഹി: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടികയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകാരം നൽകി. 31 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ആദ്യഘട്ടത്തിൽ നിശ്ചയിച്ചിരിക്കുന്നത്. സിറ്റിംഗ് എം.എൽ.എമാരിൽ ഭൂരിഭാഗം പേർക്കും സീറ്റ് ഉറപ്പായപ്പോൾ, വിവാദങ്ങളിൽപ്പെട്ട മൂന്ന് പേരെ ആദ്യ പട്ടികയിൽ നിന്ന് ഒഴിവാക്കി. ലൈംഗികാതിക്രമ കേസിൽപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ, എൽദോസ് കുന്നപ്പിള്ളി എന്നിവർക്കും മത്സരത്തിനില്ലെന്ന് നേരത്തെ അറിയിച്ച തൃപ്പൂണിത്തുറ എം.എൽ.എ കെ. ബാബുവിനുമാണ് ആദ്യഘട്ടത്തിൽ സീറ്റ് ലഭിക്കാത്തത്. എൽദോസിന്റെ കാര്യത്തിൽ കേസുകൾ പരിശോധിച്ച ശേഷം അടുത്ത യോഗത്തിൽ തീരുമാനമെടുക്കും.

പ്രധാന മണ്ഡലങ്ങളിൽ കെ. മുരളീധരൻ (വട്ടിയൂർക്കാവ്), രമേശ് ചെന്നിത്തല (ഹരിപ്പാട്), വി.ഡി. സതീശൻ (പറവൂർ), തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോട്ടയം) എന്നിവർ വീണ്ടും ജനവിധി തേടും. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും തൃക്കാക്കരയിൽ ഉമ തോമസും മത്സരരംഗത്തുണ്ട്. കൊല്ലം ജില്ലയിൽ പി.സി. വിഷ്ണുനാഥ് (കുണ്ടറ), സി.ആർ. മഹേഷ് (കരുനാഗപ്പള്ളി), ജ്യോതികുമാർ ചാമക്കാല (പത്തനാപുരം), ഐഷ പോറ്റി (കൊട്ടാരക്കര) എന്നിവർ സ്ഥാനാർത്ഥികളാകും.

എറണാകുളത്ത് മാത്യു കുഴൽനാടൻ (മൂവാറ്റുപുഴ), റോജി എം. ജോൺ (അങ്കമാലി), അൻവർ സാദത്ത് (ആലുവ), ടി.ജെ. വിനോദ് (എറണാകുളം), വി.പി. സജീന്ദ്രൻ (കുന്നത്തുനാട്) എന്നിവർക്കാണ് നറുക്കുവീണത്. തൃശൂരിൽ ടി.എൻ. പ്രതാപൻ (മണലൂർ), സനീഷ് കുമാർ ജോസഫ് (ചാലക്കുടി), ഒ.ജെ. ജനീഷ് (കൊടുങ്ങല്ലൂർ) എന്നിവരും പാലക്കാട് തൃത്താലയിൽ വി.ടി. ബൽറാമും മത്സരിക്കും. മലപ്പുറത്ത് ആര്യാടൻ ഷൗക്കത്ത് (നിലമ്പൂർ), എ.പി. അനിൽകുമാർ (വണ്ടൂർ), കെ. നൗഷാദലി (പൊന്നാനി) എന്നിവർ പട്ടികയിലുണ്ട്.

കോഴിക്കോട് ജില്ലയിൽ കെ.എം. അഭിജിത്ത് (നാദാപുരം), കെ. പ്രവീൺകുമാർ (കൊയിലാണ്ടി), കെ. ജയന്ത് (കോഴിക്കോട് നോർത്ത്), വിദ്യ ബാലകൃഷ്ണൻ (എലത്തൂർ) എന്നിവരെയാണ് നിശ്ചയിച്ചിരിക്കുന്നത്. വയനാട്ടിൽ ടി. സിദ്ദിഖും (കൽപ്പറ്റ) ഐ.സി. ബാലകൃഷ്ണനും (സുൽത്താൻ ബത്തേരി) കണ്ണൂരിൽ സണ്ണി ജോസഫും (പേരാവൂർ) സജീവ് ജോസഫും (ഇരിക്കൂർ) സ്ഥാനാർത്ഥികളാകും. തിരുവനന്തപുരത്ത് കോവളം മണ്ഡലത്തിൽ എം. വിൻസെന്റും മത്സരിക്കും. ബാക്കി സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed