കേരളത്തിന് 10,800 കോടിയുടെ വികസന സമ്മാനം: പ്രധാനമന്ത്രി നാളെ കൊച്ചിയിലെത്തും
ശാരിക l കേരളം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി എറണാകുളത്ത് ഉദ്ഘാടനം ചെയ്യുക 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ. കേരളത്തിൽ എൻഡിഎയുടെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക ഉദ്ഘാടനം മോദി നാളെ കുറിക്കും. എൻഡിഎയുടെ ശക്തിപ്രകടനം പോലെ പതിനായിരത്തിലധികം പ്രവർത്തകർ പങ്കെടുക്കുന്ന റാലിയും നടത്തും.
ബുധനാഴ്ച ഉദ്ഘാടനം ചെയ്യുന്ന പ്രധാന പദ്ധതികൾ ഇവയൊക്കെയാണ്. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) കൊച്ചി എണ്ണ ശുദ്ധീകരണശാലയിലെ പോളിപ്രൊപ്പിലീൻ യൂണിറ്റിന് പ്രധാനമന്ത്രി തറക്കല്ലിടും. 5,500 കോടി രൂപയിലധികം നിക്ഷേപം വരുന്ന ഈ പദ്ധതിയുടെ പ്രതിവർഷ ഉത്പാദനശേഷി 400 കിലോ ടൺ ആണ്. പാക്കേജിംഗ്, ഓട്ടോമോട്ടീവ് ഘടകങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, തുണിത്തരങ്ങൾ, ഗാർഹിക ഉൽപ്പന്നങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന അത്യന്താപേക്ഷിതമായ വസ്തുവാണു പോളിപ്രൊപ്പിലീൻ. ഈ സൗകര്യം ഇന്ത്യയുടെ ആഭ്യന്തര പോളിമർ ഉത്പാദനശേഷി വർധിപ്പിക്കുകയും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും വ്യവസായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കൂടാതെ ഈ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതു സഹായകമാകും.
റോഡ് അടിസ്ഥാന സൗകര്യമേഖലയിൽ രണ്ടു പ്രധാന ദേശീയപാത പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 2,650 കോടി രൂപയിലധികം ചെലവിൽ നിർമിച്ച ദേശീയപാത 66ലെ തലപ്പാടി-ചെങ്കള വിഭാഗത്തിന്റെ ആറുവരിപ്പാതയാണ് ഇതിൽ ആദ്യത്തേത്. മുംബൈ-കന്യാകുമാരി സാമ്പത്തിക ഇടനാഴിയുടെ ഭാഗമായ ഈ പാത കാസർഗോഡ്-കണ്ണൂർ ജില്ലകൾ തമ്മിലും, മംഗളൂരുവും മുഴപ്പിലങ്ങാടും ഉൾപ്പെടെയുള്ള സമീപപ്രദേശങ്ങൾ തമ്മിലുമുള്ള ബന്ധം കരുത്തുറ്റതാക്കും. കാസർഗോഡ്, ബേക്കൽ, പയ്യന്നൂർ, കണ്ണൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം അഴീക്കൽ തുറമുഖവുമായുള്ള ബന്ധം വർധിപ്പിക്കാനും വിനോദസഞ്ചാരം, വ്യാപാരം എന്നിവയെ പിന്തുണയ്ക്കാനും ഈ പദ്ധതി സഹായിക്കും. ഏകദേശം 2,140 കോടി രൂപ ചെലവിൽ നിർമിച്ച വെങ്ങളം മുതൽ രാമനാട്ടുകര വരെയുള്ള കോഴിക്കോട് ബൈപ്പാസിന്റെ ആറു വരിപ്പാതയാണ് രണ്ടാമത്തെ പദ്ധതി. നിലവിലുള്ള വിഭജിക്കാത്ത രണ്ടുവരിപ്പാതയെ ഇരുവശങ്ങളിലും സർവീസ് റോഡുള്ള ആറുവരി ദേശീയ പാത ആയാണ് ഈ പദ്ധതിയിലൂടെ ഉയർത്തുന്നത്. ഇത് ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാനും വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷി വർധിപ്പിക്കാനും റോഡ് സുരക്ഷ മെച്ചപ്പെടുത്താനും സഹായിക്കും. ഇത് യാത്രാ സമയം ഒരു മണിക്കൂറിലധികം എന്നതിൽ നിന്ന് ഏകദേശം 15-20 മിനിറ്റായി കുറയ്ക്കും. കോഴിക്കോട് ബീച്ച്, ബേപ്പൂർ തുറമുഖം, കാപ്പാട് ബീച്ച് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിലൂടെ ഈ മേഖലയിലെ വിനോദസഞ്ചാരത്തിനും വ്യാപാരത്തിനും ഈ പദ്ധതി കരുത്തേകും.
പ്രധാൻ മന്ത്രി ഗ്രാം സഡക് യോജന (PMGSY) പ്രകാരം കേരളത്തിൽ നിർമിച്ച 23 ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഈ റോഡുകൾ ഗ്രാമീണ-മലയോര മേഖലകളിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്തും. കൂടാതെ കമ്പോളങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, തൊഴിലവസരങ്ങൾ എന്നിവയിലേക്ക് മികച്ച സൗകര്യം ഉറപ്പാക്കാനും അതുവഴി ഗ്രാമീണ ഉപജീവനമാർഗങ്ങൾ കരുത്തുറ്റതാക്കാനും ഇത് സഹായിക്കും.
അമൃതഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ പുനർവികസിപ്പിച്ച ഷൊർണൂർ ജംഗ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശേരി എന്നീ മൂന്നു റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. യാത്രക്കാർക്കുള്ള മെച്ചപ്പെട്ട സൗകര്യങ്ങളോടും പ്രവേശനക്ഷമതയോടും കൂടിയാണ് ഈ സ്റ്റേഷനുകൾ ആധുനികവൽക്കരിച്ചത്. പ്രാദേശിക വാസ്തുവിദ്യാഘടകങ്ങൾ ഉൾക്കൊള്ളുന്നതോടൊപ്പം യാത്രക്കാർക്കായി ആധുനികവും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാ ഇടങ്ങൾ ഒരുക്കുന്നതാണ് ഈ പുനർവികസനം.
ഷൊർണൂർ-നിലമ്പൂർ റോഡ് റെയിൽപ്പാത വൈദ്യുതവൽക്കരണ പദ്ധതി പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിക്കും. പ്രധാനപ്പെട്ട ഈ റെയിൽപ്പാതയുടെ വൈദ്യുതവൽക്കരണം പൂർത്തിയാകുന്നതോടെ ഷൊർണൂരിൽ എൻജിൻ മാറ്റേണ്ടി വരുന്നത് ഒഴിവാക്കാനും കൂടുതൽ വേഗമേറിയതും കാര്യക്ഷമവും സുസ്ഥിരവുമായ ട്രെയിൻ ഗതാഗതം സാധ്യമാക്കാനും കഴിയും. കേരളവും തമിഴ്നാടും തമ്മിലുള്ള റെയിൽവേ ബന്ധം കരുത്തുറ്റതാക്കുന്ന പുതിയ പാലക്കാട്-പൊള്ളാച്ചി ട്രെയിൻ സർവീസിന്റെ ഫ്ലാഗ് ഓഫും പ്രധാനമന്ത്രി നിർവഹിക്കും. ഇരുസംസ്ഥാനങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്ന ദൈനംദിന യാത്രക്കാർ, തീർഥാടകർ, വ്യാപാരികൾ, വിനോദസഞ്ചാരികൾ എന്നിവർക്ക് ഈ സർവീസ് പ്രയോജനപ്പെടും.
കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിംഗ് സോളാർ പദ്ധതിക്കു പ്രധാനമന്ത്രി തറക്കല്ലിടും. ഇന്ത്യയുടെ ഹരിതോർജ ലക്ഷ്യങ്ങളിലേക്കു സംഭാവനയേകുന്ന ഈ പദ്ധതി, സുസ്ഥിരവും കാർബൺ പുറന്തള്ളൽ കുറഞ്ഞതുമായ ഊർജഭാവിയോടുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയ്ക്കു കൂടുതൽ കരുത്തേകും.
ഉച്ചകഴിഞ്ഞ് 3.30ന് പ്രധാനമന്ത്രി തമിഴ്നാട്ടിലേക്ക് തിരിക്കും. തിരുച്ചിറപ്പള്ളിയിൽ ഏകദേശം 5,650 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പിക്കലും തറക്കല്ലിടലും ഫ്ലാഗ് ഓഫും പ്രധാനമന്ത്രി നിർവഹിക്കും. പെട്രോളിയം-പ്രകൃതിവാതക അടിസ്ഥാനസൗകര്യങ്ങൾ, ഗ്രാമീണ ഗതാഗതസൗകര്യങ്ങൾ, ദേശീയ പാത വികസനം, റെയിൽവേ സേവനങ്ങൽ തുടങ്ങിയ പ്രധാന മേഖലകളിലാണ് ഈ പദ്ധതികൾ. ബിപിസിഎല്ലിന്റെ നീലഗിരി, ഈറോഡ് ജില്ലകളിലെ നഗര പാചകവാതക വിതരണ ശൃംഖലയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ഐഒസിഎല്ലിന്റെ ചെന്നൈയിലെ ലൂബ് ബ്ലെൻഡിംഗ് പ്ലാന്റ് രാഷ്ട്രത്തിനു സമർപ്പിക്കും.
dsgdfg


