ഓൺലൈൻ ഡെലിവറി ആരംഭിക്കാനൊരുങ്ങി മത്സ്യഫെഡ്

കൊച്ചി: ഓൺലൈൻ ഡെലിവറി ആരംഭിക്കാനൊരുങ്ങി മത്സ്യഫെഡും. വാട്‌സ്ആപ്പിൽ മെസേജ് ചെയ്താൽ വീടുകളിലേക്ക് മീൻ എത്തിക്കാനുള്ള സൗകര്യമാണ് മത്സ്യഫെഡ് ഒരുക്കുന്നത്. ഓരോ മത്സ്യഫെഡ് യൂണിറ്റിന്റെയും 10 കിലോമീറ്റർ ചുറ്റളവിലാണ് ഹോം ഡെലിവറി നടപ്പിലാക്കുക. എറണാകുളം ജില്ലയിൽ മുഴുവൻ ഈ സംവിധാനം നടപ്പിലാക്കാണ് തീരുമാനം. ഫിഷറീസ് വകുപ്പിന്റെ ഫാമുകളിൽ നിന്നുള്ള മീനും ഇങ്ങനെ എത്തിക്കും.
ലോക്ഡൗൺ ആരംഭിച്ചതോടെ മത്സ്യഫെഡിന്റെ കടകളിലേക്ക് ആളുകൾ എത്തുന്നതിൽ കുറവുണ്ടായി. ഇതോടെയാണ് ഹോം ഡെലിവറി ആരംഭിക്കാൻ മത്സ്യഫെഡ് തീരുമാനിച്ചത്. അഞ്ച് കിലോമീറ്റർ വരെയുള്ള ദൂരത്തിന് 10 രൂപയും 10 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 30 രൂപയും ഡെലിവറി ചാർജ് നൽകണം.
സപ്ലൈകോയും കുടുംബശ്രീയും ഹോം ഡെലിവറിയുമായി കൈകോർക്കുകയാണ്. സംസ്ഥാനത്തെ 95ഓളം സപ്ലൈകോ ഔട്ട്‌ലറ്റുകൾ വഴിയാണ് ചൊവ്വാഴ്ച മുതൽ ഈ സൗകര്യം ആരംഭിച്ചത്. ഫോൺ വഴിയും വാട്‌സപ്പ് വഴിയും സാധനങ്ങൾ ഓർഡർ ചെയ്യാം. ഇങ്ങനെ ലഭിക്കുന്ന ഓർഡറുകൾ കുടുംബശ്രീ വീടുകളിൽ എത്തിച്ചുനൽകും.
ഉച്ചക്ക് ഒരു മണി വരെയാണ് ഓർഡറുകൾ സ്വീകരിക്കുക. ഇങ്ങനെ ലഭിക്കുന്ന ഓർഡറുകൾ ഉച്ചകഴിഞ്ഞ് വിതരണം ചെയ്യും. ഒരു ഓർഡറിൽ പരമാവധി 20 കിലോ വരെ ഉൾപ്പെടുത്താം. വിതരണകേന്ദ്രങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിലാണ് നിലവിൽ ഹോം ഡെലിവറി സൗകര്യം ഉള്ളത്. ഹോം ഡെലിവറി സൗകര്യം ലഭ്യമായ ഔട്ട്‌ലറ്റുകളുടെ വിവരങ്ങൾ സപ്ലൈകോ വെബ്‌സൈറ്റിൽ ലഭ്യമാണ്. വിതരണ കേന്ദ്രങ്ങളിൽ നിന്ന് രണ്ട് കിലോമീറ്റർ ചുറ്റളവു വരെ 40 രൂപയാണ് ഡെലിവറി ചാർജ്. അഞ്ച് കിലോമീറ്റർ വരെ 60 രൂപയും 10 കിലോമീറ്റർ വരെ 100 രൂപയും ഡെലിവറി ചാർജ് ആയി നൽകണം. ഓർഡർ ചെയ്ത സാധനങ്ങളുമായി എത്തുന്ന കുടുംബശ്രീ അംഗത്തിന് ഈ തുക നൽകണം.