സംസ്ഥാനത്ത് നാലുദിവസം ട്രഷറി ഭാഗികമായി മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുദിവസം ട്രഷറി ഇടപാടുകൾ ഭാഗികമായി മുടങ്ങും. പുതിയ സർവറിലേക്ക് സേവനങ്ങൾ മാറ്റുന്നതിനാലാണിത്. ഇന്ന് വൈകിട്ട് മുതൽ സേവനങ്ങൾ ലഭ്യമാകില്ല. ട്രഷറിയിൽ സോഫ്റ്റ്‌വെയർ തകരാർ മൂലം ഇടപാടുകളെല്ലാം താളം തെറ്റുന്നത് പതിവാണ്. എല്ലാ മാസവും ആദ്യ ആഴ്ചയാണ് സ്ഥിരമായി സാങ്കേതിക പ്രശ്‌നം ഉണ്ടാകുന്നത്. എപ്രിൽ ഒന്ന് മുതൽ പുതുക്കിയ ശമ്പളവും പെന്‍ഷനും നൽകാന്‍ സോഫ്റ്റ്‌വെയർ പ്രശ്‌നം വലിയ വെല്ലുവിളിയുണ്ടാക്കി.
പെൻഷൻ വാങ്ങാനെത്തിയവർ മണിക്കൂറുകളോളം കാത്തിരുന്നു. ട്രഷറികളുടെ പ്രവർത്തനം ദിവസങ്ങൾ തടസപ്പെട്ടു. എൻഐസിയാണ് സോഫ്റ്റ്‌വെയർ നിർമ്മിച്ചതും പരിപാലിക്കുന്നതും. സർവർ കപ്പാസിറ്റി കൂട്ടിയാൽ പ്രശ്‌നം പരിഹരിക്കാമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർവർ വാങ്ങിയത്.