തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെ തിരെയുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിന്മാറി
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെ എതിർത്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിന്മാറി. ജസ്റ്റിസ് വിനോദ് ചന്ദ്രനും ജസ്റ്റിസ് ടി.ആർ രവിയും അടങ്ങുന്ന ബെഞ്ച് ആയിരുന്നു കേസ് പരിഗണിച്ചിരുന്നത്. ഇന്ന് കേസ് എടുത്തപ്പോൾ കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറുകയാണെന്ന് ജസ്റ്റിസ് ടി ആർ രവി അറിയിക്കുകയായിരുന്നു. കേസ് പുതിയ ബെഞ്ചിന് കൈമാറുന്ന കാര്യത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനം എടുക്കും. അതേസമയം, തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകിയത് സംസ്ഥാന സർക്കാരിന്‍റെ ടെണ്ടർ തുക കുറഞ്ഞുപോയതുകൊണ്ടാണെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ വിശദീകരിച്ചു. വിമാനത്താവളങ്ങൾ അദാനിക്ക് നൽകിയതിന് പിന്നിൽ അഴിമതിയാണെന്ന കോണ്‍ഗ്രസ് ആരോപണം രാജ്യസഭയിൽ മന്ത്രി ഹർദീപ് സിംഗ് പുരി തള്ളി.
കേരള സർക്കാരിന്‍റെ അഭ്യർത്ഥന പ്രകാരമാണ് ടെണ്ടറിൽ ഉൾപ്പെടുത്തിയത്. കേരള സർക്കാരിന്‍റെ തുക (അദാനിയെക്കാൾ) 19.3 ശതമാനം കുറവായിരുന്നു. ടെണ്ടർ ലഭിച്ച കന്പനി കേരളത്തിൽ തുറമുഖം നിർമ്മിക്കുന്നുണ്ട്. ഹർദീപ് സിംഗ് പുരി പറഞ്ഞു. രാജ്യത്തെ വിമാനത്താവളങ്ങൾ അദാനിക്ക് നൽകിയതിന് പിന്നിൽ വലിയ അഴിമതിയാണെന്നായിരുന്നു എയർക്രാഫ്റ്റ് ഭേദഗതി ബില്ലിന്മേൽ നടന്ന ചർച്ചയിൽ കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ ആരോപിച്ചത്. സംസ്ഥാന സർക്കാരിന്‍റെ അഭിപ്രായം പോലും പരിഗണിക്കാതെയാണ് കേന്ദ്രം തീരുമാനം എടുത്തതെന്നും വേണുഗോപാൽ പറഞ്ഞു. വ്യോമയാന മന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആരോപിച്ച് കേരളത്തിലെ എം.പിമാർ രാജ്യസഭയിൽ പ്രതിഷേധിച്ചു.
