ജി. സുധാകരനെതിരെ സിപിഎം പടയൊരുക്കം; പുന്നപ്രയിൽ വമ്പൻ പ്രതിഷേധ മാർച്ച്
ഷീബ വിജയൻ I കേരളം
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുൻ മന്ത്രി ജി. സുധാകരനെതിരെ സിപിഎം പ്രതിഷേധം കടുപ്പിക്കുന്നു. സുധാകരന്റെ തീരുമാനത്തെ 'വർഗവഞ്ചന' എന്ന് വിശേഷിപ്പിച്ച പാർട്ടി, അദ്ദേഹത്തെ രാഷ്ട്രീയമായി നേരിടുന്നതിന്റെ ഭാഗമായി പുന്നപ്ര പറവൂരിൽ വമ്പൻ ബഹുജന മാർച്ചും പൊതുസമ്മേളനവും സംഘടിപ്പിച്ചു.
വി.എസ്. അച്യുതാനന്ദന്റെ വീടിന് മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് ജി. സുധാകരന്റെ വീടിന് മുന്നിലൂടെയാണ് പൊതുസമ്മേളന വേദിയിലേക്ക് നീങ്ങിയത്. സുധാകരന്റെ വീടിന് മുന്നിലെത്തിയപ്പോൾ പാർട്ടി പ്രവർത്തകർ ആവേശത്തോടെയും രോഷത്തോടെയുമാണ് മുദ്രാവാക്യങ്ങൾ വിളിച്ചത്. പ്രസ്ഥാനത്തെ ഒറ്റുക്കൊടുക്കുന്നവർക്ക് മാപ്പില്ലെന്നും, പുുന്നപ്രയുടെ മണ്ണിൽ വർഗവഞ്ചകർക്ക് സ്ഥാനമില്ലെന്നും പ്രതിഷേധക്കാർ വിളിച്ചുപറഞ്ഞു.
പാർട്ടിയെ വെല്ലുവിളിച്ച് മത്സരരംഗത്തിറങ്ങുന്ന സുധാകരൻ തോറ്റു മടങ്ങുമെന്നും, യുഡിഎഫ് കേന്ദ്രങ്ങളുമായുള്ള അദ്ദേഹത്തിന്റെ രഹസ്യബന്ധം തിരിച്ചറിയണമെന്നും നേതാക്കൾ പൊതുസമ്മേളനത്തിൽ പ്രസംഗിച്ചു. വരും ദിവസങ്ങളിൽ മണ്ഡലത്തിലുടനീളം പ്രതിഷേധ പരിപാടികൾ വ്യാപിപ്പിക്കാനാണ് സിപിഎം തീരുമാനം.
a


