അതിജീവിതയെ അധിക്ഷേപിച്ച കേസ്; ജാമ്യം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുകയാണെന്ന് രാഹുൽ ഈശ്വർ
ശാരിക / തിരുവനന്തപുരം
കോടതിയിൽ പ്രതീക്ഷ പ്രകടിപ്പിച്ച് രാഹുൽ ഈശ്വർ. അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചെന്നും, ജാമ്യം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരും സത്യം മാത്രം പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ റിമാൻഡിലാണ് രാഹുൽ ഈശ്വർ. വൈദ്യപരിശോധനക്കായി എത്തിച്ചപ്പോഴാണ് രാഹുൽ പ്രതികരിച്ചത്.
ജയിലിൽ നിരാഹാരം അനുഷ്ഠിച്ചിരുന്ന രാഹുൽ ഈശ്വർ, കിഡ്‌നിയെ ബാധിക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ഉപവാസം അവസാനിപ്പിച്ചു. "കിഡ്‌നിക്ക് പ്രശ്‌നമാവുമെന്ന് ഡോക്ടര്‍ പറഞ്ഞു. നാല് ദിവസം വെള്ളമില്ലാതെയും അഞ്ച് ദിവസം ആഹാരമില്ലാതെയും കഴിഞ്ഞു. 11 ദിവസമായി. സ്റ്റേഷന്‍ ജാമ്യം കിട്ടേണ്ട കേസ് ആണ്," രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഈ കേസിൽ അഞ്ചാം പ്രതിയാണ് രാഹുൽ ഈശ്വർ. അതിജീവിതയ്ക്ക് എതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനെത്തുടർന്ന് നവംബർ 30-നാണ് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്.
തൊട്ടടുത്ത ദിവസം തിരുവനന്തപുരം എ.സി.ജെ.എം. കോടതി രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് അദ്ദേഹം നിരാഹാര സമരം ആരംഭിച്ചത്. രാഹുൽ ഈശ്വർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ അടക്കം പിൻവലിക്കാമെന്ന് രാഹുൽ ഈശ്വർ വാദത്തിനിടെ അറിയിച്ചിരുന്നെങ്കിലും കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് കോടതി ജാമ്യം നിഷേധിക്കുന്നത്.
sdfvs
