ഗവർണർക്ക് തിരിച്ചടി; വി.സി. നിയമനത്തിൽ സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ


ശാരിക / തിരുവനന്തപുരം

ഗവർണർക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട്, സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർ (വി.സി.) നിയമന തർക്കത്തിൽ പരിഹാരമാകാത്ത സാഹചര്യത്തിൽ സുപ്രീം കോടതി നേരിട്ട് നടപടിക്ക് ഒരുങ്ങുന്നു. ഡിജിറ്റൽ സർവകലാശാലയിലും സാങ്കേതിക സർവകലാശാലയിലും സ്ഥിരം വി.സി.മാരെ സുപ്രീം കോടതി തന്നെ നിയമിക്കും. മുഖ്യമന്ത്രിയും ചാൻസലറും തമ്മിൽ കത്തുകൾ കൈമാറിയതല്ലാതെ മറ്റൊന്നും ഉണ്ടായില്ലെന്ന് കോടതി വിമർശിച്ചു.

മുഖ്യമന്ത്രിക്കും ചാൻസലർക്കും സമവായത്തിലെത്താൻ കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. മുൻപ് ജസ്റ്റിസ് ധൂലിയ കമ്മിറ്റി വി.സി. നിയമനത്തിനായി പേരുകൾ തിരഞ്ഞെടുത്തെങ്കിലും നിയമനം നടന്നില്ല. നിലവിലെ സാഹചര്യത്തിൽ, മുഖ്യമന്ത്രിയുടെ കത്തും ചാൻസലറുടെ മറുപടിയും ഒരിക്കൽക്കൂടി പരിശോധിച്ച്, രണ്ട് സർവ്വകലാശാലകൾക്കുമായി ഓരോ പേര് വീതം മുൻഗണനാക്രമത്തിൽ നിർദ്ദേശിക്കാൻ സുപ്രീം കോടതി ജസ്റ്റിസ് ധൂലിയ കമ്മിറ്റിക്ക് നിർദേശം നൽകി.

ഈ വിശദമായ റിപ്പോർട്ട് സീൽ ചെയ്ത കവറിൽ ബുധനാഴ്ചയ്ക്കകം സമർപ്പിക്കണം. തുടർന്ന് വ്യാഴാഴ്ച വിഷയം സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

അതേസമയം, വി.സി. നിയമന തർക്കത്തിൽ മഞ്ഞുരുകിയിട്ടില്ല. അനുനയ നീക്കത്തിൻ്റെ ഭാഗമായി ഇന്നലെ ചാൻസലർ (ഗവർണർ) മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. താൻ നിശ്ചയിച്ച വി.സി.മാർ യോഗ്യരാണെന്ന് ഗവർണർ നിലപാടെടുത്തു. വിട്ടുവീഴ്ചക്കില്ലെന്ന് ഗവർണറും സർക്കാരും നിലപാട് സ്വീകരിച്ചതോടെ അനുനയ നീക്കം പരാജയപ്പെട്ടു. നിയമമന്ത്രി പി. രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ചർച്ചക്ക് വരാത്തതിനെക്കുറിച്ചും, മുഖ്യമന്ത്രി മുൻഗണനാക്രമം നിശ്ചയിച്ചത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാത്തതിനെക്കുറിച്ചും ഗവർണർ ചോദ്യങ്ങൾ ഉന്നയിച്ചു.

സിസ തോമസിന്റെ പേര് ഒഴികെ ഏത് പേര് തിരഞ്ഞെടുത്താലും സർക്കാരിന് എതിർപ്പില്ലെന്ന് ചാൻസലറെ അറിയിച്ചുവെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ചാൻസലർ ഈ ഒരു വ്യക്തിയെ പിന്തുണയ്ക്കുന്നുവെന്ന് സംസ്ഥാനം മറുപടി നൽകി.

കേരള സാങ്കേതിക, ഡിജിറ്റൽ സർവകലാശാല നിയമന തർക്കത്തിൽ സുപ്രീം കോടതി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സർക്കാർ അനുനയ നീക്കത്തിനൊരുങ്ങിയത്. വി.സി. നിയമനത്തിനായി സർക്കാരും ഗവർണറും മുന്നോട്ട് വെച്ചത് വ്യത്യസ്ത പേരുകളായിരുന്നു. സാങ്കേതിക സർവകലാശാല വി.സി.യായി സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വി.സി.യായി ഡോ. പ്രിയ ചന്ദ്രയെയും നിയമിക്കണമെന്നായിരുന്നു ഗവർണറുടെ സത്യവാങ്മൂലത്തിലെ ആവശ്യം. മുഖ്യമന്ത്രി മെറിറ്റ് പരിഗണിച്ചില്ലെന്നും മെറിറ്റ് അട്ടിമറിച്ച് മാധ്യമ വാർത്തകളുടെ പേരിൽ സിസ തോമസിനെ ഒഴിവാക്കിയെന്നും ഗവർണർ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വി.സി. നിയമന കേസിൽ സുപ്രീംകോടതി കർശന താക്കീത് നൽകിയത്.

article-image

sdfsdf

You might also like

  • Straight Forward

Most Viewed