ദിലീപിനെ കുറ്റമുക്തനാക്കിയ ജഡ്ജിയെ അവഹേളിച്ച് പ്രചാരണം; പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി ഡി.ജി.പിക്ക് കൈമാറി
ഷീബ വിജയ൯
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റമുക്തനാക്കിയ ജഡ്ജിയെ അവഹേളിച്ച് പ്രചാരണം നടക്കുന്നതിൽ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് ഡി.ജി.പിക്ക് കൈമാറി. കോടതി നടപടികളെയും വിധി പ്രസ്താവം നടത്തിയ എറണാകുളം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസിനെയും അവഹേളിച്ചും വ്യക്തിഹത്യ ചെയ്തും സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നവർക്കെതിരെ പോലീസ് സ്വമേധയാ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
കോടതിയിൽനിന്ന് നീതി ലഭിച്ചില്ലെന്ന് തോന്നുന്നവർക്ക് മേൽ കോടതികളിൽ അപ്പീൽ ഫയൽ ചെയ്യാൻ നിയമ തടസ്സമില്ല. എന്നാൽ കോടതി നടപടികളെയും വിധി പുറപ്പെടുവിച്ച ജഡ്ജിമാരെയും അവഹേളിച്ചും വ്യക്തിഹത്യ ചെയ്തും പൊതുജന മധ്യത്തിൽ പ്രചാരണം നടത്തുന്നത് കുറ്റകരമായ പ്രവൃത്തിയാണ്. ദിലീപിനെ കുറ്റമുക്തനാക്കിയ വനിതാ ജഡ്ജിയെ സമൂഹ മാധ്യമങ്ങളിൽ അവഹേളിച്ച് വ്യക്തിഹത്യ ചെയ്യുന്നത് ആസൂത്രിതമായി വർധിക്കുന്നത് പൊലീസിന് വ്യക്തമായി അറിവുള്ളതാണെന്നും പരാതിയിൽ പറയുന്നു. കൃത്യനിർവഹണം പൂർത്തിയാക്കിയതിന്റെ പേരിൽ വിധിന്യായം പുറപ്പെടുവിച്ച കോടതികളിലെ ജഡ്ജിമാരെ പൊതു സമൂഹത്ത് അധിക്ഷേപിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും കണ്ടില്ലെന്ന് നടിക്കുന്നത് നിയമ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്.
നടിയെ ആക്രമിച്ച കുറ്റകൃത്യത്തിൽ പങ്കെടുത്ത ആറ് പേരെയും കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ ദിലീപിനെ കുറ്റമുക്തനാക്കിയ വനിതാ ജഡ്ജിയെ അപമാനിച്ചും വ്യക്തിഹത്യ ചെയ്തും സമൂഹ മാധ്യമങ്ങളിൽ വിചാരണയും പ്രചാരണവും നടത്തുന്നത് സർക്കാർ തടയണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെട്ടത്.
adsdasdsa
