രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; രണ്ടാം ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം
ഷീബ വിജയ൯
തിരുവനന്തപുരം: ബംഗളൂരു സ്വദേശിനിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് തിരുവനന്തപുരം ജില്ല സെഷൻസ് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി ഒപ്പിടണമെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. കേസിൽ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും കോടതി പറഞ്ഞു.
രാഹുലിനെതിരെ പൊലീസ് കൂടുതൽ വകുപ്പുകൾ ചുമത്തിയിരുന്നു. രഹസ്യമായി അതിജീവിതയുടെ മൊഴിയെടുക്കുകയും വൈദ്യപരിശോധന പൂർത്തിയാക്കുകയും ചെയ്തിരുന്നു. രാഹുലിന്റെ സംഘത്തിൽനിന്ന് പ്രതികാര നടപടി ഉണ്ടാകുമെന്ന് ഭയന്നാണ് പരാതി നൽകാൻ വൈകിയതെന്നാണ് യുവതിയുടെ മൊഴി. ബംഗളൂരു സ്വദേശിനി കെ.പി.സി.സി. പ്രസിഡന്റിന് ഇ-മെയിൽ ആയി നൽകിയ പരാതി ഡി.ജി.പിക്ക് കൈമാറുകയും, തുടർന്ന് ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
പരാതിയിൽ ദുരൂഹതയുണ്ടെന്നും രാഷ്ട്രീയ പ്രേരിതമായ ഗൂഢാലോചനയാണെന്നും രാഹുൽ വാദിച്ചു. 2023-ൽ ഏതോ ഒരു ഹോംസ്‌റ്റേയിൽ വെച്ച് പീഡനം നടന്നു എന്നാണ് പരാതിയിലെ ആരോപണം. എന്നാൽ, പരാതി യാഥാർഥ്യം ആണെന്നും പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം, ക്രൂരമായി ബലാത്സംഗം ചെയ്യുകയും ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്തെന്ന ആദ്യ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ 14-ാം ദിവസവും ഒളിവിൽ തുടരുകയാണ്. ഈ കേസിൽ രാഹുലിന്റെ അറസ്റ്റ് തത്കാലത്തേക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. രണ്ടാം കേസിലും ജാമ്യം ലഭിച്ചതോടെ രാഹുൽ ഒളിവിൽനിന്ന് പുറത്തുവരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
adsadsdsa
