വിവാഹമോചനം വർധിച്ചു; വിവാഹച്ചടങ്ങുകൾക്ക് വിലക്കേർപ്പെടുത്തി നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം
ഷീബ വിജയ൯
ബംഗളൂരു: ക്ഷേത്രത്തിൽ വെച്ചുള്ള വിവാഹങ്ങൾ ഇനി നടത്തേണ്ടതില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബംഗളൂരുവിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രം. വിവാഹങ്ങൾ നിരോധനമേർപ്പെടുത്താനുള്ള കാരണമായി ക്ഷേത്ര ഭാരവാഹികൾ ചൂണ്ടിക്കാണിക്കുന്നത്, ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായ ദമ്പതികൾക്കിടയിലെ വിവാഹമോചന കേസുകൾ വർധിച്ചതാണ്.
ബംഗളൂരുവിൽ ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടന്ന ക്ഷേത്രങ്ങളിൽ ഒന്നാണിത്. ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായ ദമ്പതികൾ വേർപിരിയുമ്പോൾ നിയമപരമായ കാര്യങ്ങൾക്കായി ക്ഷേത്രത്തെ സമീപിക്കുന്നത് പതിവായതോടെയാണ് ക്ഷേത്ര ഭാരവാഹികളുടെ ഈ തീരുമാനം. വിവാഹമോചന കേസുകളിൽ നടപടികൾ നടക്കുമ്പോൾ വിവാഹത്തിന് കാർമികത്വം വഹിച്ച പുരോഹിതന്മാരോട് കോടതിയിൽ ഹാജരാകാൻ നിർദേശിക്കുന്നതാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ നിർബന്ധിതരായതെന്ന് ക്ഷേത്ര അധികാരികൾ വെളിപ്പെടുത്തി. വർഷത്തിൽ 100 മുതൽ 150 വരെ വിവാഹങ്ങൾ നടത്തിയിരുന്ന ക്ഷേത്രമാണിത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാത്രം ക്ഷേത്ര അധികൃതർക്ക് 50-ൽ അധികം വിവാഹമോചന പരാതികൾ കൈകാര്യം ചെയ്യേണ്ടി വന്നതായാണ് റിപ്പോർട്ട്.
ASDSADASDAS
