നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ വിധി ഇന്ന്
ഷീബ വിജയ൯
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ എറണാകുളം ജില്ലാ കോടതി ഇന്ന് വിധി പറയും. അഞ്ചു വർഷം നീണ്ട വിചാരണക്കും നാടകീയ സംഭവങ്ങൾക്കും ശേഷമാണ് കേസിൽ വിധി വരുന്നത്. ജഡ്ജി ഹണി എം. വർഗീസാണ് വിധി പറയുക. കോടതിയിൽ കനത്ത സുരക്ഷാ വലയമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംഭവം നടന്ന് എട്ടു വർഷങ്ങൾക്ക് ശേഷമാണ് വിചാരണ പൂർത്തിയാക്കി കോടതി വിധി പറയുന്നത്. അതിജീവിതയുടെ ശക്തമായ പോരാട്ടത്തിന്റെ ചരിത്രം കൂടി അടയാളപ്പെടുത്തുന്നതാണ് ഈ ദിനം.
2017 ഫെബ്രുവരി 17ന് എറണാകുളം അങ്കമാലിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിൽ നടിയെ ഒരു സംഘം തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തു. ദിലീപ് കേസിലെ എട്ടാം പ്രതിയാണ്. പൾസർ സുനി, നടിയുടെ ഡ്രൈവർ മാർട്ടിൻ, ബി. മണികണ്ഠൻ തുടങ്ങി ആകെ പത്ത് പ്രതികളുണ്ട്. പത്താം പ്രതിയായിരുന്ന വിഷ്ണു മാപ്പുസാക്ഷിയായി.
അതേസമയം വിചാരണ പുരോഗമിക്കുന്തോറും ദിലീപിന്‍റെ പങ്ക് തെളിയിക്കാൻ കഴിയുന്ന തരത്തിൽ സാക്ഷി പറഞ്ഞവരൊക്കെ പിൻമാറുന്ന കാഴ്ചയാണ് നാം കണ്ടത്. 28 സാക്ഷികളാണ് വിചാരണക്കിടെ മൊഴിമാറ്റിയത്. ഇതിൽ പ്രമുഖരായ ചില സിനിമ താരങ്ങളും ദിലീപിന്‍റെയും കാവ്യയുടെയും ബന്ധുക്കളും ഉൾപ്പെട്ടിരുന്നു. നടി ഭാമയും നടൻ സിദ്ദിഖും ആദ്യം ദിലീപിന്‍റെ ഗൂഢാലോചന തെളിയിക്കുന്ന തരത്തിൽ മൊഴി നൽകിയവരാണ്. കാവ്യയുമായുള്ള ബന്ധം മഞ്ജുവിനെ അറിയിച്ചതിൽ അതിജീവിതയോട് ദിലീപിന് ദേഷ്യമുണ്ടായിരുന്നു എന്നും അതിജീവിതയെ ദിലീപ് പരസ്യമായി ഭീഷണിപ്പെടുത്തിയെന്നും ഇവർ പറഞ്ഞു. എന്നാൽ വിചാരണ സമയത്ത് ഒന്നും അറിയില്ല എന്നായിരുന്നു ഇവരുടെ മൊഴി. അതിജീവിത തന്‍റെയും ദിലീപിന്‍റെയും ചിത്രങ്ങൾ എടുത്ത് മഞ്ജുവിന് അയച്ചുകൊടുത്തെന്നും അതിന്‍റെ പേരിൽ ദിലീപ് പ്രകോപിതനായെന്നുമായിരുന്നു കാവ്യ മാധവന്‍റെ മൊഴി. എന്നാൽ വിചാരണ വേളയിൽ കാവ്യ മൊഴിയിൽ നിന്ന് പിന്മാറി. അതിജീവിതയും ദിലീപും തമ്മിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ അറിയാമെന്നായിരുന്നു നടി ബിന്ദു പണിക്കർ ആദ്യം പറഞ്ഞത്. അതിജീവിതയിൽ നിന്നും കാവ്യയിൽ നിന്നും ഈക്കാര്യങ്ങൾ അറിയാമെന്നും അവർ പറഞ്ഞു. എന്നാൽ വിചാരണയിൽ ഒന്നും അറിയില്ലെന്ന് മൊഴി മാറ്റി. ദിലീപിന്‍റെ സുഹൃത്തും നടനുമായ നാദിർഷയും മൊഴി മാറ്റിയവരുടെ കൂട്ടത്തിൽ ഉണ്ട്. ആദ്യം ദിലീപിനെതിരെ പറഞ്ഞ മൊഴി പിന്നീട് വിചാരണ വേളയിൽ നാദിർഷ മാറ്റി പറയുകയായിരുന്നു. ദിലീപ് തന്‍റെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നു, ഉപദ്രവിക്കുന്നു എന്ന് പറഞ്ഞ് അതിജീവിത പരാതി നൽകിയിരുന്നു എന്നാണ് താരസംഘടനയായ എ.എം.എം.എയുടെ ജനറൽ സെക്രട്ടറിയായിരുന്ന ഇടവേള ബാബു പൊലീസിന് നൽകിയ മൊഴി. സംഘടനയുടെ ജനറൽ സെക്രട്ടറിയായിരിക്കെ വിഷയത്തിൽ ദിലീപുമായി സംസാരിച്ചു എന്നും ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു എന്നും ബാബു പറഞ്ഞിരുന്നു. എന്നാൽ പിന്നീട് നടിയുടെ പരാതിയെക്കുറിച്ച് അറിയില്ലെന്നും പൊലീസിന് അങ്ങനെയൊരു മൊഴി നൽകിയില്ലെന്നും മാറ്റി പറഞ്ഞു.
zsxzcfddx
