ഐസിആർഎഫ് ബഹ്‌റൈന്റെ 17ആം ഫേബർ കാസ്റ്റൽ സ്പെക്ട്ര: വൻ പങ്കാളിത്തത്തോടെ വിജയകരമായി സമാപിച്ചു
പ്രദീപ് പുറവങ്കര / മനാമ
ഐസിആർഎഫ് ബഹ്‌റൈൻ സംഘടിപ്പിച്ച പതിനേഴാമത് 'ഫേബർ കാസ്റ്റൽ സ്പെക്ട്ര 2025' പെയിന്റിംഗ് മത്സരം ഡിസംബർ 5-ന് ഇന്ത്യൻ സ്കൂൾ ഇസ ടൗൺ ക്യാമ്പസിൽ വിപുലമായ പങ്കാളിത്തത്തോടെ വിജയകരമായി സമാപിച്ചു. രാജ്യത്തെ ഏറ്റവും വലിയ വിദ്യാർത്ഥി കലാമത്സരമായി വളർന്നിരിക്കുന്ന ഈ വാർഷിക പരിപാടിയുടെ വിജയികളെ അതേ ദിവസം വൈകുന്നേരം പ്രഖ്യാപിക്കുകയും ആദരിക്കുകയും ചെയ്തു. മത്സരത്തിന്റെ ഫിനാലെ ഐസിആർഎഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് വിളക്കുതെളിച്ച് ഉദ്ഘാടനം ചെയ്തു.
ഐസിആർഎഫ് അംഗങ്ങൾ, ഫേബർ കാസ്റ്റൽ പ്രതിനിധികൾ, വിവിധ സ്കൂളുകളുടെ അധ്യാപകർ, സന്നദ്ധപ്രവർത്തകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഈ വർഷത്തെ മത്സരത്തിന് റെക്കോർഡ് നിരക്കിൽ പങ്കാളിത്തം ലഭിച്ചു; ബഹ്‌റൈനിലെ 30-ലധികം സ്കൂളുകളിൽ നിന്നായി ഏകദേശം 3,000-ഓളം വിദ്യാർത്ഥികൾ വിവിധ വിഭാഗങ്ങളിൽ മത്സരിച്ചു. കൂടാതെ മുതിർന്നവർക്കായി (18 വയസ്സിന് മുകളിലുള്ളവർ) പ്രത്യേക വിഭാഗവും ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യൻ സ്കൂൾ ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മാനദാന ചടങ്ങിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൺട്രി ഹെഡ് മധു രാമൻകുട്ടി, വൈസ് പ്രസിഡന്റ് പർവേസ് അഹമ്മദ്, ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ചെയർമാൻ ബിനു മണ്ണിൽ വർഗീസ്, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സെക്രട്ടറി രാജ പാണ്ഡ്യൻ, വൈസ് ചെയർമാൻ ഡോ. ഫൈസൽ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.
മത്സരാർത്ഥികളെ നാല് പ്രായ ഗ്രൂപ്പുകളിലായി വർഗ്ഗീകരിക്കുകയും ഓരോ ഗ്രൂപ്പിലും മികച്ച അഞ്ച് മത്സരാർഥികളെ ട്രോഫിയും സർട്ടിഫിക്കറ്റും നൽകി ആദരിക്കുകയും ചെയ്തു. ഗ്രൂപ്പ് 1-ൽ ന്യൂ മില്ലേനിയം സ്കൂളിലെ ഉന്നതി ഗുപ്ത ഒന്നാം സ്ഥാനവും അർജിത പതാരി രണ്ടാം സ്ഥാനവും ഏഷ്യൻ സ്കൂളിലെ ഇവാന ദിൽജോ മൂന്നാം സ്ഥാനവും നേടി. ഗ്രൂപ്പ് 2-ൽ ഇന്ത്യൻ സ്കൂളിലെ വേദ വിജേഷ് ഒന്നാം സ്ഥാനവും ന്യൂ മില്ലേനിയം സ്കൂളിലെ ജന്യ ബത്ര രണ്ടാം സ്ഥാനവും ഏഷ്യൻ സ്കൂളിലെ കൽഹാര റനീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗ്രൂപ്പ് 3-ൽ ന്യൂ മില്ലേനിയം സ്കൂളിലെ അദിതി ത്യാഗരാജൻ ഒന്നാം സ്ഥാനവും ന്യൂ ഇന്ത്യൻ സ്കൂളിലെ ആൻഡ്രിയ ഷെർവിൻ വിനീഷ് രണ്ടാം സ്ഥാനവും ന്യൂ മില്ലേനിയം സ്കൂളിലെ അനിരുദ്ധ് റോയ് മൂന്നാം സ്ഥാനവും നേടി.
ഗ്രൂപ്പ് 4-ൽ ഏഷ്യൻ സ്കൂളിലെ ഗോപിക ഭാരതിരാജൻ ഒന്നാം സ്ഥാനവും ഇബ്നു അൽ ഹെയ്തം സ്കൂളിലെ സന അഷ്റഫ് രണ്ടാം സ്ഥാനവും ഇന്ത്യൻ സ്കൂളിലെ വൈഘ വിനോദ് മൂന്നാം സ്ഥാനവും നേടി. മുതിർന്നവരുടെ ഗ്രൂപ്പ് 5-ൽ നിതാഷ ബിജു, ഫാത്തിമ സഹ്ല, ബിൻസ്കാൽ പോൾ എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ പങ്കിട്ടു.
ഓരോ ഗ്രൂപ്പിലെ മികച്ച 50 മത്സരാർഥികൾക്ക് മെഡലുകളും എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കൂടാതെ എല്ലാ വിദ്യാർത്ഥികൾക്കും ഫേബർ കാസ്റ്റൽ വരയ്ക്കൽ സാമഗ്രികളും നൽകി. വിജയികളുടെയും ശ്രദ്ധേയമായ എൻട്രികളുടെയും ചിത്രങ്ങൾ 2025-ലെ വാൾ, ഡെസ്ക്ടോപ്പ് കലണ്ടറുകളിൽ ഉൾപ്പെടുത്തുമെന്നും ഇത് ഡിസംബർ അവസാനം പുറത്തിറക്കുമെന്നും സംഘാടകർ അറിയിച്ചു. യുവ കലാകാരന്മാരെ കണ്ടെത്തുന്നതിനും സമൂഹമാറ്റത്തിനായി ക്രിയാത്മകമായ ഒരു പുതിയ തലമുറയെ വളർത്തുന്നതിനുമുള്ള ഐസിആർഎഫിന്റെ ദീർഘകാല ദൗത്യത്തിന്റെ ഭാഗമായാണ് മലബാർ ഗോൾഡ് കൂടി പിന്തുണച്ച ഈ വാർഷിക മത്സരം നടത്തിയത്.
്ു്ു
