ബലാത്സംഗക്കുറ്റം നിലനിൽക്കില്ല, കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ട ആവശ്യമില്ല: മുൻകൂർ ജാമ്യഹർജിയിൽ രാഹുൽ
ഷീബ വിജയ൯
കൊച്ചി: പരാതിക്കാരിയുടെ മൊഴി പ്രകാരം തനിക്കെതിരായ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹരജിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ബന്ധപ്പെട്ട നിയമസംവിധാനത്തിലല്ല, മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. പരാതി നൽകുന്നതിൽ കാലതാമസമുണ്ടായിട്ടുണ്ട്. രണ്ടുപേരുടെയും വൈവാഹികനില എന്താണെന്ന് വ്യക്തമായിരുന്നു. ഓഡിയോ ക്ലിപ് പുറത്തെത്തിയത് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കിയെന്നും താനാണ് അത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചതെന്ന് പരാതിക്കാരി തെറ്റിദ്ധരിച്ചെന്നും രാഹുൽ ഹർജിയിൽ പറയുന്നു.
പരാതിക്കാരിയുമായുള്ള ആശയവിനിമയ രേഖകൾ കൈമാറാൻ തയാറാണ്. പോലീസ് പിന്നാലെയുള്ളതിനാലാണ് ഇത് കൈമാറാൻ കഴിയാത്തത്. ഇടക്കാല ജാമ്യം നൽകിയാൽ അന്വേഷണത്തോട് സഹകരിക്കാം. കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ട ആവശ്യം ഈ കേസിൽ ഇല്ലെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ക്രിമിനൽ അഭിഭാഷകനായ എസ്. രാജീവ് മുഖേന രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ശനിയാഴ്ച കോടതി പരിഗണിക്കും.
അതേസമയം, രാഹുലിൻ്റെ ഭാഗത്ത് നിന്നുണ്ടായത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വൈകൃതമാണെന്നും രാഷ്ട്രീയത്തിൽ നിന്നുതന്നെ ഇയാളെ മാറ്റിനിർത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാഹുലിനെതിരെ ഫലപ്രദമായ അന്വേഷണം പോലീസ് നടത്തുകയാണ്. വൈകാതെ തന്നെ രാഹുൽ പോലീസ് പിടിയിലാവുമെന്നും അദ്ദേഹം പറഞ്ഞു.
FASDFDFDFD
