ഇന്ത്യ പ്രധാനപ്പെട്ട അന്താരാഷ്ട്ര പങ്കാളിയാണ്, ബിബിസി സ്വതന്ത്രമായി പ്രവർത്തിക്കുന്നു: യുകെ


പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയ്‌ക്കെതിരെ ബ്രിട്ടണിലെ ഇന്ത്യക്കാര്‍ പ്രതിഷേധം തുടരുന്നതിനിടെ വിശദീകരണവുമായി യുകെ സര്‍ക്കാര്‍. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സര്‍ക്കാരില്‍ നിന്നും സ്വതന്ത്രമായാണ് ബിബിസി പ്രവര്‍ത്തിക്കുന്നതെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ബ്രിട്ടനെ സംബന്ധിച്ച് ഇന്ത്യ വളരെ പ്രധാനപ്പെട്ട ഒരു അന്താരാഷ്ട്ര പങ്കാളിയാണ്. തുടര്‍ന്നും സര്‍ക്കാര്‍ അങ്ങനെ തന്നെ ഇന്ത്യയെ പരിഗണിക്കും. ഡോക്യുമെന്ററിയെ ഇന്ത്യ അപലപിച്ചത് ചൂണ്ടിക്കാട്ടിയുള്ള ചോദ്യങ്ങളോടായിരുന്നു ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രതികരണം.

‘മോദി: ദി ഇന്ത്യ ക്വസ്റ്റ്യന്‍’ ഡോക്യുമെന്ററി രണ്ടു ഭാഗങ്ങളായാണ് പുറത്തുവന്നത്. ആദ്യ ഭാഗം ഗുജറാത്ത് വംശഹത്യയെ കുറച്ചുള്ളതായിരുന്നു. രണ്ടാമത്തേതില്‍ നരേന്ദ്ര മോദി രണ്ടാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള സംഭവ വികാസങ്ങളാണ് വിശദീകരിച്ചത്.

ഡോക്യുമെന്ററി ഇന്ത്യയിലാകെ നിരവധി രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവച്ചതോടെ ബിബിസി ആസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയത് മുന്നൂറിലധികം പ്രവാസികളാണ്. ഡോക്യുമെന്ററി പക്ഷപാതപരമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഡല്‍ഹി ബിബിസി ഓഫീസിന് മുന്നിലും ഹിന്ദു സേനയുടെ പ്രതിഷേധം നടന്നു. ബിബിസി രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണ്. ബിബിസിയെ ഉടന്‍ നിരോധിക്കണമെന്നും ഹിന്ദു സേന ആവശ്യപ്പെട്ടു. ബിബിസിയുടെ ഡല്‍ഹിയിലെ കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലെ ഓഫീസിനു മുന്നിലാണ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിച്ഛായ തകര്‍ക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണ് ബിബിസി നടത്തുന്നതെന്ന് ഹിന്ദുസേന ആരോപിച്ചു.

article-image

FHGDG

You might also like

Most Viewed