സൗദി അറേബ്യക്ക് വേണ്ടി ചാര പ്രവര്‍ത്തി നടത്തിയ മുന്‍ ട്വിറ്റര്‍ ജീവനക്കാരന് തടവുശിക്ഷ

സൗദി അറേബ്യക്ക് വേണ്ടി ചാര പ്രവര്‍ത്തി നടത്തിയ മുന്‍ ട്വിറ്റര്‍ ജീവനക്കാരന് മൂന്ന് വര്‍ഷം തടവുശിക്ഷ. അമേരിക്കന്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെച്ച് സൗദി അറേബ്യക്ക് വേണ്ടി ചാരവൃത്തി നടത്തിയതിനാണ് മുന്‍ ട്വിറ്റര്‍ Inc മാനേജര്‍ അഹ്മദ് അബൗഅമ്മൊ (Ahmad Abouammo) കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ഇയാള്‍ക്ക് തടവുശിക്ഷ വിധിച്ചുകൊണ്ട് യു.എസ് കോടതി ഉത്തരവിട്ടതായി യു.എസ് പ്രോസിക്യൂട്ടര്‍മാര്‍ തന്നെയാണ് വെളിപ്പെടുത്തിയത്.
സാന്‍ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ കോടതിയിലായിരുന്നു വിചാരണ നടന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. തടവുശിക്ഷ വിധിക്കുന്നതിന് പകരം സിയാറ്റിലിലെ അദ്ദേഹത്തിന്റെ വീട്ടില്‍ പ്രൊബേഷണറി ശിക്ഷ നല്‍കണമെന്ന് അബൗഅമ്മൊയുടെ അഭിഭാഷകര്‍ യു.എസ് ജില്ലാ ജഡ്ജി എഡ്വേര്‍ഡ് ചെനിനോട് ആവശ്യപ്പെട്ടിരുന്നു. 2013 മുതല്‍ 2015 വരെ ട്വിറ്ററില്‍ ജോലി ചെയ്തിരുന്ന സമയത്ത് അബൗഅമ്മൊ നേരിട്ടിരുന്ന ആരോഗ്യപ്രശ്നങ്ങളും മറ്റ് കുടുംബപ്രശ്നങ്ങളും അഭിഭാഷകര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു.
രണ്ട് ട്വിറ്റര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ അബൗഅമ്മൊ നടത്തിയ ശ്രമങ്ങള്‍, സൗദി ഉദ്യോഗസ്ഥരില്‍ നിന്ന് അദ്ദേഹത്തിന് ലഭിച്ച 42,000 ഡോളറിന്റെ വാച്ച്, 100,000 ഡോളറിന്റെ വയര്‍ ട്രാന്‍സ്ഫര്‍ എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു കേസിന്റെ അന്വേഷണം. മിഡില്‍ ഈസ്റ്റിലും നോര്‍ത്ത് ആഫ്രിക്കയിലും മാധ്യമപ്രവര്‍ത്തകരുമായുള്ള ട്വിറ്ററിന്റെ ബന്ധത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന മീഡിയ പാര്‍ട്ണര്‍ഷിപ് മാനേജരായിരുന്നു അബൗഅമ്മൊ.
ചില ട്വിറ്റര്‍ ഉപയോക്താക്കളെ തിരിച്ചറിയാന്‍ സൗദി ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് കമ്പനിയുടെ സംവിധാനങ്ങളില്‍ നിന്നുള്ള സെന്‍സിറ്റീവ് വിവരങ്ങള്‍ അബൗഅമ്മൊ കൈമാറിയതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ട്വിറ്ററിലൂടെ സൗദി അറേബ്യന്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്നവരുടെ വ്യക്തിവിവരങ്ങള്‍ സൗദി രാജകുടുംബവുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥന് തുടര്‍ച്ചയായി കൈമാറിയെന്നായിരുന്നു അബൗഅമ്മൊക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം.
sdf