അൻവർ ഇബ്രാഹിം പുതിയ മലേഷ്യൻ പ്രധാനമന്ത്രി


ദിവസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് പക്കതാൻ ഹാരപ്പൻ(പിഎച്ച്) സഖ്യ നേതാവ് അൻവർ ഇബ്രാഹിമിനെ മലേഷ്യയുടെ പ്രധാനമന്ത്രിയായി സുൽത്താൻ അഹ്മദ് ഷാ തെരഞ്ഞെടുത്തു. വ്യാഴാഴ്ച രാവിലെ കോലാലംപൂരിലെ ദേശീയ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ സുൽത്താന് മുന്നിൽ സത്യവാചകം ചൊല്ലി ഇബ്രാഹിം ചുമതലയേറ്റു.

222 സീറ്റുകളുള്ള പാർലമെന്‍റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ഉറപ്പാക്കാൻ ഒരു കക്ഷിക്കും സാധിക്കാത്ത വന്നതോടെയാണ് അന്തിമ തീരുമാനത്തിനായി സുൽത്താനെ സമീപിക്കേണ്ടി വന്നത്. 60 വർഷത്തോളം രാജ്യം ഭരിച്ച ബരിസൻ നാഷണൽ(ബിഎൻ) സഖ്യത്തെയും 2020 മുതൽ 2021 വരെ ഭരണത്തിലിരുന്ന മലയ് മുസ്ലിം പെരികതൻ നാഷണൽ(പിഎൻ) സഖ്യത്തെയും മറികടന്നാണ് ഇബ്രാഹിമിന്‍റെ പിഎച്ച് അധികാരത്തിലെത്തിയത്. ബിഎൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

1971-ൽ സ്വന്തം സംഘടനയുമായി രാഷ്ട്രീയത്തിൽ ഇറങ്ങിയ ഇബ്രാഹിം പിന്നീട് ബിഎന്നിൽ ചേർന്നിരുന്നു. രാഷ്ട്രീയത്തിൽ അതിവേഗം വളർന്ന് ‌ഉപപ്രധാനമന്ത്രി പദം വരെ എത്തിപ്പിടിച്ച ഇബ്രാഹിമിനെ 1990-കളിലെ സാന്പത്തിക തകർച്ച‌യു‌ടെ ഉത്തരവാദിയെന്ന് മുദ്രകുത്തി ബിഎൻ ബലിയാടാക്കി.

അഴിമതി ആരോപണങ്ങളും രാജ്യത്തെ നിയമങ്ങൾ പ്രകാരം ശിക്ഷാർഹമായ സ്വവർഗ ലൈംഗികബന്ധവും ചൂണ്ടിക്കാട്ടി 1998 മുതൽ 10 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ച ഇബ്രാഹിം നേതൃസ്ഥാനത്തേക്ക് എത്തിയത് മലേഷ്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ "ട്വിസ്റ്റു'കളിലൊന്നാണ്. സ്വവർഗാനുരാഗക്കേസ് അടക്കമുള്ള ആരോപണങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞതോ‌ടെ രാഷ്ട്രീയ രംഗത്തേക്ക് മടങ്ങിയെത്തിയ ഇബ്രാഹിം, പിഎച്ച് പാർട്ടിയുടെ കൂടെ 2018-ലെ തെരഞ്ഞെടുപ്പിൽ ജയം കണ്ടെത്തിയെങ്കിലും പ്രധാനമന്ത്രി പദത്തിൽ എത്താനാ‌യില്ല. 2020-ൽ ഭരണം നഷ്ടമായതോടെ പാർട്ടിയിൽ മാറ്റങ്ങൾ വാഗ്ദാനം ചെയ്ത ഇബ്രാഹിം, ഈ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് 38 ശതമാനം വോട്ട് നേടി കൊടുത്തു.

article-image

AA

You might also like

Most Viewed