പെലോസി തായ് വാനിൽ; ചൈനയെ വെല്ലുവിളിച്ച് യുഎസ് നടത്തുന്ന ഈ നീക്കം നല്ലരീതിയിൽ അവസാനിക്കില്ലെന്ന് ചൈനീസ് വക്താവ്

ചൈന ഉയർത്തുന്ന കടുത്ത പ്രതിഷേധത്തിനിടെ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാന്‍സി പെലോസിതായ് വാനിൽ. തായ്‌വാന്‍ ലോകത്തെ അറ്റവും സ്വതന്ത്രമായ സമൂഹമാണെന്ന് പെലോസി പറഞ്ഞു. തായ്‌വാൻ പാർലമെന്റ് സന്ദർശിയ്ക്കുകയാണ് നാൻസി പെലോസി. ജനപ്രതിനിധികൾ തമ്മിലുള്ള ആശയവിനിമയം കൂട്ടുമെന്നും പെലോസി പറഞ്ഞു. തായ്വാനിലെ ജനാധിപത്യത്തിന് അചഞ്ചലമായ പിന്തുണ നൽകുന്നതിനാണ് ഈ സന്ദർശനമെന്ന് തയ്വാനിലെത്തിയ ട്വീറ്റ ചെയ്തു. യുഎസും ചൈനയും 1979ൽ ഉണ്ടാക്കിയ ഉടമ്പടിയുടെ യാതൊരു ലംഘനവും അമേരിക്ക നടത്തുന്നില്ലെന്നും പെലോസി ട്വിറ്ററിൽ കുറിച്ചു.
അതേസമയം, പെലോസിയുടെ സന്ദർശനത്തെ ‘തീക്കളി’ എന്നു വിശേഷിപ്പിച്ച ചൈന, പ്രതിഷേധം കടുപ്പിച്ചു. 1.4 ബില്യൺ ചൈനീസ് പൗരന്‍മാരെ ശത്രുക്കളാക്കിയ യുഎസ്, ലോക സമാധാനത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനിയിങ് ട്വീറ്റ് ചെയ്തു. ചൈനയെ വെല്ലുവിളിച്ച് യുഎസ് നടത്തുന്ന ഈ നീക്കം നല്ലരീതിയിൽ അവസാനിക്കില്ലെന്നും ചൈനീസ് വക്താവ് മുന്നറിയിപ്പു നൽകി.
യുഎസിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി തയ്വാൻ കടലിടുക്കിനെ വിഭജിക്കുന്ന അതിർത്തിക്ക് വളരെയടുത്തുവരെ ചൈനയുടെ യുദ്ധവിമാനങ്ങൾ എത്തി പ്രകോപനം സൃഷ്ടിച്ചു. പെലോസി തയ്വാനിലേക്കു പോകുന്നതിനെതിരെ പലതവണ ചൈന മുന്നറിയിപ്പു നൽകിയിരുന്നു. പെലൊസി സന്ദർശത്തിനെത്തിയ ദിവസം മാത്രം 21 ചൈനീസ് സൈനിക വിമാനങ്ങൾ തയ്വാന്റെ ആകാശാതിർത്തി ഭേദിച്ചതായി തയ്വാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
25 വർഷത്തിനു ശേഷമാണ് യുഎസിലെ ഉന്നത ചുമതലയുള്ള വ്യക്തി ഇവിടെ സന്ദർശനം നടത്തുന്നത്. തയ്വാന്‍ തങ്ങളുടേതാണെന്ന വാദത്തിലാണ് ചൈന. തയ്വാനെ ഉപയോഗിച്ച് ചൈനയെ നിയന്ത്രിക്കാനാണ് യുഎസിന്റെ നീക്കമെന്നാണ് അവരുടെ വിമർശനം. ‘ഏക ചൈന’ എന്ന ആശയത്തെ വളച്ചൊടിക്കുകയും ഇരുട്ടിലാക്കുകയുമാണ് തയ്വാനുമായി നടത്തുന്ന ഇടപെടലുകളിലൂടെ യുഎസ് ചെയ്യുന്നത്. തീകൊണ്ടുള്ള ഏറ്റവും അപകടകരമായ കളിയാണിത്. തീകൊണ്ടു കളിക്കുന്നവർ തീകൊണ്ടു നശിക്കുമെന്നും ചൈന മുന്നറിയിപ്പു നൽകി.