നേപ്പാളില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തി


കിഴക്കന്‍ നേപ്പാളില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 6 രേഖപ്പെടുത്തിയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. നേപ്പാളിലെ ഖോട്ടാങ് ജില്ലയിലാണ് ഞായറാഴ്ച ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

കാഠ്മണ്ഡുവില്‍ നിന്ന് 450 കിലോമീറ്റര്‍ കിഴക്കാണ് ഖോട്ടാങ്. ഞായറാഴ്ച രാത്രി 8:13 ന് മാര്‍ട്ടിന്‍ബിര്‍ട്ടയിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സീസ്‌മോളജി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ അറിയിച്ചു. കാഠ്മണ്ഡു താഴ്വരയിലും കിഴക്കന്‍ നേപ്പാളിലെ മൊറാങ്, ജാപ്പ, സണ്‍സാരി, സപ്താരി, തപ്ലെജംഗ് ജില്ലകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

2015 ഏപ്രിലില്‍ നേപ്പാളില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 9000ത്തോളം പേര്‍ മരിക്കുകയും 20000ത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

You might also like

  • Straight Forward

Most Viewed