കോഫി കപ്പിൽ നിന്നും ഡി.എൻ.എ; 1975ൽ നടന്ന കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ്

ഫിലാഡൽഫിയ എയർപോർട്ടിൽ ഉപക്ഷേിച്ച ഒരു കോഫി കപ്പ് ഉപയോഗിച്ച് വർഷങ്ങൾക്ക് മുമ്പ് നടന്ന കൊലപാതക കേസ് തെളിയിച്ചിരിക്കുകയാണ് പൊലീസ്. 1975ൽ നടന്ന കൊലപാതക കേസിലാണ് കോഫി കപ്പിന്റെ സഹായത്തോടെ പൊലീസ് തെളിവുണ്ടാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡേവിഡ് സിനോപോളി എന്ന 68കാരനാണ് പിടിയിലായത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 1975ൽ നടന്ന ലിൻഡി സു ബിച്ച്ലർ എന്ന 19കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
1975ലാണ് ലാൻസ്റ്റർസിറ്റിയിലെ അപ്പാർട്ട്മെന്റിലാണ് ബിച്ച്‍ലറിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. തുടർന്ന് വർഷങ്ങൾക്ക് ശേഷം പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഡി.എൻ.എ കോഫി കപ്പിൽ നിന്നും വേർതിരിച്ചെടുത്താണ് പ്രതിയെ കണ്ടെത്തിയത്. നേരത്തെ ലിൻഡിയുടെ അടിവസ്ത്രത്തിൽ നിന്നും ലഭിച്ച ഡി.എൻ.എക്ക് ഇറ്റാലിയൻ വേരുകളുണ്ടെന്ന് ഇതു സംബന്ധിച്ച് ഗവേഷണം നടത്തുന്നവർ പറഞ്ഞിരുന്നു. ബിച്ച്‍ലർ കൊല്ലപ്പെടുന്ന സമയത്ത് അപ്പാർട്ട്മെന്റിന് സമീപം നിരവധി ഇറ്റാലിയൻ പൗരൻമാരുണ്ടായിരുന്നു. ഇതിൽ ബിച്ച്‍ലറുടെ വീടിന് സമീപം താമസിച്ചയാളെയായിരുന്നു പൊലീസിന് സംശയം.
ഇയാളുടെ ഫോൺ കോളുകൾ നിരീക്ഷിച്ച പൊലീസ് പ്രതി ഫിലാഡൽഫിയ വിമാനത്താവളത്തിലെത്തുന്നുണ്ടെന്ന് മനസിലാക്കിയാണ് കെണിയൊരുക്കിയത്. ഈ വർഷം ഫെബ്രുവരിയിൽ ഡേവിഡ് സിനോപോൾ ഉപയോഗിച്ച കോഫി കപ്പ് വിമാനത്താവളത്തിൽ നിന്നും പൊലീസ് കണ്ടെത്തിയത്. തുടർന്ന് കോഫി കപ്പിലെ പ്രതിയുടെ ഡി.എൻ.എയും പെൺകുട്ടിയുടെ അടിവസ്ത്രത്തിൽ നിന്നും കണ്ടെത്തിയ ഡി.എൻ.എയും തമ്മിൽ ഒത്തുനോക്കിയാണ് കൊലയാളിയെ സംബന്ധിച്ച നിഗമനങ്ങളിലേക്ക് എത്തിയത്.