ശബരിനാഥന്റെ ചാറ്റ് ചോർന്ന സംഭവത്തിൽ രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻ

കെ.എസ് ശബരിനാഥന്റെ വാട്‌സ്ആപ്പ് ചാറ്റ് ചോർന്നതിൽ അച്ചടക്ക നടപടി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൻഎസ് നുസൂർ, എസ്എം ബാലു എന്നിവരെ സസ്‌പെൻഡ് ചെയ്തു. മുഖ്യമന്ത്രി കയറിയ വിമാനത്തിനകത്ത് പ്രതിഷേധിക്കാൻ ശബരിനാഥന്‍ നിർദേശം നൽകുന്ന വാട്ട്‌സ്ആപ്പ് ചാറ്റുകളാണ് പുറത്തെത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ശബരിനാഥനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ നടപടിക്കെതിരെ യൂത്ത് കോൺഗ്രസിനുള്ളിൽ കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ട്. ചില ഉന്നതരുടെ നിർദേശപ്രകാരമാണ് ഈ രണ്ട് നേതാക്കളെ മാത്രം സസ്‌പെൻഡ് ചെയ്തത് എന്ന പരാതിയാണ് സംഘടനയ്ക്കുള്ളിൽ നിന്നും ഉയരുന്നത്. സസ്‌പെൻഷൻ നടപടിയോട് പ്രതികരിക്കാൻ കോൺഗ്രസ് നേതാക്കൾ തയാറായിട്ടില്ല.
വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ചയാണ് കെഎസ് ശബരിനാഥൻ അറസ്റ്റിലാകുന്നത്. കെഎസ് ശബരിനാഥൻ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിലാണ് ശബരിനാഥൻ മുന്‍കൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജി പരിഗണിക്കും വരെ ശബരിനാഥനെ അറസ്റ്റ് ചെയ്യരുതെന്ന് അന്വേഷണ സംഘത്തിന് കോടതി വാക്കാൽ നിർദേശം നൽകിയിരുന്നു. ഇത് മറികടന്നായിരുന്നു അറസ്റ്റ്. എന്നാൽ, ശബരിനാഥന് ഇന്നലെത്തന്നെ ജാമ്യം ലഭിച്ചു.