24 മണിക്കൂറിനുള്ളിൽ ശ്രീലങ്കയിലെ പുതിയ ധനമന്ത്രി രാജിവെച്ചു

ശ്രീലങ്കയിൽ പുതുതായി സ്ഥാനമേറ്റെടുത്ത ധനമന്ത്രി അലി സബ്രി രാജിവെച്ചു. പ്രസിഡന്റ് ഗൊതബയ രജപക്‌സെയുടെ സഹോദരൻ ബസിൽ രജപക്‌സയെ മാറ്റി ധനമന്ത്രിയായി നിയമിച്ച് 24 മണിക്കൂർ പിന്നിടുന്നതിന് മുമ്പാണ് രാജി. നേരത്തെ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് പ്രതിഷേധം കനക്കുന്നതിനിടെ മന്ത്രിസഭയിലെ 26 മന്ത്രിമാരും കൂട്ടരാജി പ്രഖ്യാപിച്ചിരുന്നു. നിലവിലെ സ്ഥിതി സമഗ്രമായി പഠിച്ച ശേഷം, മുമ്പില്ലാത്ത വിധത്തിലുള്ള പ്രതിസന്ധിയെ മറികടക്കാൻ പുതിയ ധനമന്ത്രിയെ നിയമിക്കണമെന്ന് പ്രസിഡന്റിന് നൽകിയ കത്തിൽ സബ്രി ആവശ്യപ്പെട്ടു. നിയമ വകുപ്പ് മന്ത്രിയായി രാജി നൽകിയ ശേഷം മറ്റൊരു സ്ഥാനമേറ്റെടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. എന്നാൽ, പാർലിമെന്ററി ജനാധിപത്യം നിലനിർത്താനും വ്യവസ്ഥകൾ അതേപടി തുടരാനുമാണ് ധനമന്ത്രി സ്ഥാനമേറ്റടെുത്തതെന്നും അദ്ദേഹം രാജിവെച്ച ശേഷം അറിയിച്ചു.
അതേസമയം, ഭരണ മുന്നണിയിലെ 40 എംപിമാർ കൂടി സർക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെ സർക്കാർ ന്യൂനപക്ഷമായി. പിന്തുണ പിൻവലിച്ച എംപിമാർ സ്വതന്ത്ര നിലപാട് സ്വീകരിച്ചു. ഇതോടെ 105 എംപിമാരാണ് ഭരണ മുന്നണിയിലുള്ളത്. ശ്രീലങ്ക പൊതുജന പെരുമുന പാർട്ടി എംപിമാരാണ് സഖ്യം വിട്ടത്. 113 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. ഇതിനിടെ ശ്രീലങ്കയിൽ പ്രതിഷേധങ്ങൾ തുടരുകയാണ്. ഇന്നലെ രാത്രി മുഴുവൻ ജനങ്ങൾ തെരുവിൽ പ്രതിഷേധിച്ചു. വിവിധയിടങ്ങളിൽ പൊലീസും ജനങ്ങളും ഏറ്റുമുട്ടി. മന്ത്രി ഗമിനി ലകുങേയുടെ വീട്ടുവളപ്പിൽ ജനം തീയിട്ടു. പ്രസിഡന്റ് ഗൊതബായ രാജപക്‌സെയുടെ ഓഫിസിനു മുന്നിൽ രാത്രി ഒരു മണിക്കും അയ്യായിരത്തോളം പ്രതിഷേധിക്കാർ സമരം ചെയ്തു. സ്ഥലത്തെ എംപിമാരുടെയും എംഎൽഎമാരുടെയും വീടുകൾ സമരക്കാർ വളഞ്ഞു. പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ ദക്ഷിണ ശ്രീലങ്കയിലെ തങ്കലയിലുള്ള സ്വകാര്യ വസതി ജനം വളഞ്ഞതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ച് സമരക്കാരെ തടഞ്ഞു. മുന്‍ മന്ത്രി റോഷന്‍ രണസിംഗെയുടെ വീട് ജനം അടിച്ചു തകർത്തു. ജനകീയ പ്രക്ഷോഭങ്ങൾക്ക് തടയിടുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച കർഫ്യൂ രാജ്യത്ത് തുടരുകയാണ്. തലസ്ഥാനമായ കൊളംബോയിൽ അടക്കം പ്രക്ഷോഭം ശക്തിപ്പെട്ടതിന് പിന്നാലെയാണ് ജനങ്ങൾക്കെതിരെ നടപടികൾ ആരംഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. സംശയം തോന്നുന്ന ആരെയും അറസ്റ്റ് ചെയ്യുകയും തടവിലിടാനും സൈന്യത്തിന് അധികാരം നൽകിയിട്ടുണ്ട്.