ഇന്ധന വില വർധന: കെഎസ്ആർടിസിയിൽ ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരുമെന്ന് മന്ത്രി

കെഎസ്ആർടിസി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഇങ്ങനെ പോയാൽ ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരുമെന്നും ഗതാഗതമന്ത്രി ആന്‍റണി രാജു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇന്ധന വില വർധന മൂലമാണ് കെഎസ്ആർടിസിയിൽ സാമ്പത്തിക ഞെരുക്കം രൂക്ഷമായത്. വില കൂടിയതോടെ പ്രതിവർഷം 500 കോടി രൂപ അധികമായി കണ്ടെത്തേണ്ട സ്ഥിതിയാണ്. ഇനിയുള്ള മാസങ്ങളിൽ കൃത്യമായി ശമ്പളം നൽകാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
കെ സ്വിഫ്റ്റ് കമ്പനി രൂപീകരണം അനിവാര്യമാണ്. ഇതിനുള്ള മുന്നൊരുക്കങ്ങൾ തുടരുകയാണ്. എൽഡിഎഫ് സർക്കാർ 2,000 കോടിയുടെ സാമ്പത്തിക സഹായമാണ് കെഎസ്ആർടിസിക്ക് നൽകിയത്. മുൻപ് ഒരു സർക്കാരും ഇത്രയും സഹായം കോർപ്പറേഷന് നൽകിയിട്ടില്ലെന്നും എല്ലാക്കാലവും ഇത് തുടരാൻ കഴിയില്ലെന്നും ആന്‍റണി രാജു വ്യക്തമാക്കി.