നോർവീജിയൻ സർക്കാർ തനിക്ക് മനഃപൂർവ്വം നൊബേൽ നൽകാത്തതാണെന്ന് ട്രംപ്
ശാരിക / വാഷിങ്ടൺ
സമാധാനത്തിനുള്ള നൊബേൽ സമ്മാനം തനിക്ക് ലഭിക്കാത്തതിലുള്ള കടുത്ത അതൃപ്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും പരസ്യമായി പ്രകടിപ്പിച്ചു. ലോകത്തെ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ച താനാണ് ഈ പുരസ്‌കാരത്തിന് അർഹനെന്നും നോർവീജിയൻ സർക്കാർ തനിക്ക് മനഃപൂർവ്വം നൊബേൽ നൽകാത്തതാണെന്നും അദ്ദേഹം ആരോപിച്ചു. നൊബേൽ സമ്മാന നിർണ്ണയത്തിൽ സർക്കാരിന് യാതൊരു അധികാരവുമില്ലെന്ന് നോർവേ പ്രധാനമന്ത്രി ജൊനാസ് ഗഹർ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ട്രംപ് നോർവേ സർക്കാരിനെതിരെ ഉന്നയിക്കുന്ന വിമർശനങ്ങൾ തുടരുകയാണ്.
ഓരോ യുദ്ധം അവസാനിപ്പിച്ചതിനും തനിക്ക് നൊബേൽ ലഭിക്കേണ്ടതായിരുന്നുവെന്നും താൻ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. നൊബേൽ നിർണ്ണയത്തിൽ നോർവേയ്ക്ക് നിയന്ത്രണമില്ലെന്ന് പറയുന്നത് ശരിയല്ലെന്നും അവിടുത്തെ ഭരണകൂടത്തിന് അതിൽ വലിയ സ്വാധീനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് ലഭിച്ച സമാധാന നൊബേൽ ട്രംപിന് സമ്മാനിച്ച വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊരീന മച്ചാഡോയെ അദ്ദേഹം പ്രശംസിച്ചു. മരിയയോട് തനിക്ക് വലിയ ബഹുമാനമുണ്ടെങ്കിലും ആ പുരസ്‌കാരത്തിന് യഥാർത്ഥ അർഹൻ താനാണെന്നാണ് ട്രംപിന്റെ നിലപാട്. എന്നാൽ നൊബേൽ സമ്മാനം മറ്റൊരാൾക്ക് കൈമാറാൻ കഴിയില്ലെന്ന് നൊബേൽ കമ്മിറ്റി ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
യുഎസിൽ വീണ്ടും അധികാരത്തിലെത്തിയതിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, വെനസ്വേലയ്ക്ക് പിന്നാലെ ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന വിവാദപരമായ ഭീഷണിയും ട്രംപ് ഉയർത്തി. ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിക്കാൻ താൻ ഇടപെട്ടുവെന്ന അവകാശവാദം അദ്ദേഹം ഒരിക്കൽ കൂടി ആവർത്തിച്ചു. ആണവ യുദ്ധത്തിലേക്ക് വരെ നീങ്ങുമായിരുന്ന സാഹചര്യത്തെയാണ് താൻ ഇല്ലാതാക്കിയതെന്നും ട്രംപ് വാഷിങ്ടണിൽ പറഞ്ഞു.
fsdf


