കാനഡയും ഗ്രീൻലൻഡും അമേരിക്കയുടെ ഭാഗം; ഭൂപടം പങ്കുവെച്ച് ട്രംപ് വീണ്ടും വിവാദത്തിൽ
വാഷിംഗ്ടൺ:
അയൽരാജ്യങ്ങളായ കാനഡയെയും വെനസ്വേലയെയും ഗ്രീൻലൻഡിനെയും അമേരിക്കയുടെ ഭൂപടത്തിൽ ഉൾപ്പെടുത്തി ചിത്രീകരിച്ച ചിത്രം പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ട്രംപിന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലാണ്' ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തുടങ്ങിയ ലോകനേതാക്കൾ ഓവൽ ഓഫീസിലിരുന്ന് ഈ പുതിയ ഭൂപടം നോക്കുന്നതായാണ് ചിത്രത്തിലുള്ളത്.
മറ്റൊരു പോസ്റ്റിൽ, ഗ്രീൻലൻഡിൽ അമേരിക്കൻ പതാക ഏന്തിനിൽക്കുന്ന ചിത്രവും ട്രംപ് പങ്കുവെച്ചു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരും ചിത്രത്തിലുണ്ട്. "ഗ്രീൻലൻഡ് ഒരു യുഎസ് പ്രദേശം, സ്ഥാപിതമായത് 2026-ൽ" എന്ന് എഴുതിയ ബോർഡും ചിത്രത്തിൽ കാണാം.
ദേശീയ സുരക്ഷാ കാരണങ്ങളും റഷ്യ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണിയും മുൻനിർത്തി ഗ്രീൻലൻഡ് സ്വന്തമാക്കണമെന്നത് ട്രംപിന്റെ പണ്ടുമുതലുള്ള താല്പര്യമാണ്. ഡെന്മാർക്കിന് ഗ്രീൻലൻഡിനെ സംരക്ഷിക്കാൻ കഴിയില്ലെന്നും അതിനാൽ അമേരിക്ക അത് ഏറ്റെടുക്കണമെന്നുമാണ് ട്രംപിന്റെ വാദം. ഡാനിഷ് ഭരണകൂടം ഇതിനോട് എതിർപ്പ് പ്രകടിപ്പിക്കില്ലെന്നാണ് താൻ കരുതുന്നതെന്നും ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ട്രംപിന്റെ ഈ നീക്കം ആഗോളതലത്തിൽ വലിയ ചർച്ചകൾക്കും നയതന്ത്ര ചലനങ്ങൾക്കും വഴിതുറന്നിരിക്കുകയാണ്.
aa

