ബഹിരാകാശ വിസ്മയം സുനിത വില്യംസിന്റെ 27 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് വിരാമം
ശാരിക / വാഷിങ്ടൺ
ലോകപ്രശസ്ത ബഹിരാകാശ യാത്രിക സുനിത വില്യംസ് തന്റെ ദീർഘകാലത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു. നാസയിലെ 27 വർഷം നീണ്ട സേവനത്തിന് ശേഷമാണ് സുനിത പടിയിറങ്ങുന്നത്. കഴിഞ്ഞ ഡിസംബറിൽ തന്നെ ഇവർ വിരമിച്ചിരുന്നുവെങ്കിലും നാസ ഇപ്പോൾ മാത്രമാണ് ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. 60 വയസ്സ് തികഞ്ഞതിന് പിന്നാലെയാണ് വിരമിക്കൽ തീരുമാനം ഉണ്ടായത്.
തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ മൂന്ന് വലിയ ദൗത്യങ്ങളിലായി ആകെ 608 ദിവസമാണ് സുനിത വില്യംസ് ബഹിരാകാശത്ത് ചെലവഴിച്ചത്. ഒരു നാസ ബഹിരാകാശ സഞ്ചാരി ബഹിരാകാശത്ത് ചെലവഴിക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ സമയദൈർഘ്യം എന്ന നേട്ടം ഇതോടെ സുനിത സ്വന്തമാക്കി. ബഹിരാകാശ യാത്രകളിൽ മാത്രമല്ല, സ്പേസ് വോക്കിലും (ബഹിരാകാശ നടത്തം) സമാനതകളില്ലാത്ത റെക്കോർഡുകൾ സുനിതയുടെ പേരിലുണ്ട്.
ഏറ്റവും കൂടുതൽ തവണ ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോർഡ് സുനിത വില്യംസിനാണ്. ഒമ്പത് തവണകളിലായി ആകെ 62 മണിക്കൂറാണ് ഇവർ ബഹിരാകാശത്ത് നടന്നത്. ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വരുംതലമുറയ്ക്ക് വലിയ ആവേശം നൽകുന്ന നേട്ടങ്ങൾ ബാക്കിയാക്കിയാണ് സുനിത വില്യംസ് ഔദ്യോഗികമായി വിരമിക്കുന്നത്.
േിേി


