ട്രംപിന്‍റെ കോവിഡ് പ്രതിരോധം ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം

വാഷിംഗ്ടൺ: ട്രംപ് ഭരണത്തിൻകീഴിൽ വികസിപ്പിച്ച കോവിഡ് വാക്സിന്‍റെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ചു ഡെമോക്രാറ്റിക് വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥി കമല ഹാരിസ്. വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥികളുടെ സംവാദപരിപാടിയിലായിരുന്നു കമല ഹാരിസിന്‍റെ രൂക്ഷ വിമർശനം. മഹാമാരിയെ നേരിടാൻ കൃത്യമായ പദ്ധതികളില്ലാത്ത ട്രംപ് ഭരണകൂടം സന്പൂർണ പരാജയമാണെന്നു കുറ്റപ്പെടുത്തിയ കമല ഹാരിസ്, ജനങ്ങളോട് സത്യം പറയാനെങ്കിലും ഡോണൾഡ് ട്രംപ് തയാറാകണമെന്ന് ആവശ്യപ്പെട്ടു. സ്വന്തം ആരോഗ്യകാര്യത്തിലും നികുതിയുടെ കാര്യത്തിലും ട്രംപ് കള്ളം പറയുകയാണെന്നും കമല തുറന്നടിച്ചു.
കോവിഡിന്‍റെ അപകടസാധ്യതകൾ അറിഞ്ഞിട്ടും വൈറ്റ് ഹൗസ് നടപടിയെടുത്തില്ല. കോവിഡ് ഭീഷണി തട്ടിപ്പാണെന്നുവരെ പ്രസിഡന്‍റ് പറഞ്ഞു. അങ്ങനെ അവരതിന്‍റെ ഗൗരവം കുറച്ചു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണു ഡോണൾഡ് ട്രംപിന്‍റെ കോവിഡ് പ്രതിരോധമെന്നും കാലിഫോർണിയയിൽ നിന്നുള്ള സെനറ്റർ കൂടിയായ കുറ്റപ്പെടുത്തി.
അതേസമയം, ഡെമോക്രാറ്റുകൾ ജനത്തിന്‍റെ ജീവൻവച്ച് രാഷ്ട്രീയം കളിക്കുകയാണു കുറ്റപ്പെടുത്തിയ എതിർ സ്ഥാനാർത്ഥി മൈക്ക് പെൻസ്, കോവിഡ് വാക്സീൻ ഈ വർഷം തന്നെയുണ്ടാകുമെന്ന് അവകാശപ്പെട്ടു. ട്രംപ് ഭരണകാലത്തു വാക്സിൻ വികസിപ്പിച്ചതിന്‍റെ പേരിൽ ആ വാക്സിനിലുള്ള പൊതുജനവിശ്വാസം ദുർബലപ്പെടുത്തുന്നതു വലിയതെറ്റാണെന്നും പെൻസ് കുറ്റപ്പെടുത്തി. ഇരുവരുടെയും ഇരിപ്പിടങ്ങൾ തമ്മിൽ കാണാവുന്ന ഗ്ലാസ് ഷീൽഡ് ഉപയോഗിച്ച് സുരക്ഷിതമായി മറച്ചാണ് സംവാദം സംഘടിപ്പിച്ചത്. നേരത്തെ, പ്രസിഡന്‍റ് സ്ഥാനാർത്ഥികളായുള്ള ഡോണൾഡ് ട്രംപും ജോ ബൈഡനും തമ്മിലുള്ള സംവാദത്തിൽ ഇരുവരും മാസ്ക് ധരിക്കാതിരുന്നത് വൻ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.