ഫ്രാൻസിലെ ലൂവ്ര് മ്യൂസിയത്തിലെ കവര്‍ച്ച; രണ്ടു പേര്‍ പിടിയിൽ
ശാരിക
പാരീസ് l ഫ്രാൻസിലെ ലൂവ്ര് മ്യൂസിയത്തിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് രണ്ടു ഫ്രഞ്ച് പൗരന്മാര്‍ പിടിയിൽ. അള്‍ജീരിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പാരിസ് വിമാനത്താവളത്തില്‍ വച്ചാണ് ഒരാളെ പിടികൂടിയത്. ലെ പാരീസിയനിലെ റിപ്പോര്‍ട്ട് അനുസരിച്ച് പാരീസിലെ പ്രാന്തപ്രദേശമായ സീൻ-സെന്‍റ്-ഡെനിസിൽ നിന്നുള്ളവരാണ് ഇരുവരും.
ശനിയാഴ്ച വൈകുന്നേരമായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരും മറ്റുപല മോഷണക്കേസുകളിലും പ്രതികളാണ്. കഴിഞ്ഞ ഞായറാഴ്ച, പട്ടാപകലാണ് ലൂവ്ര് മ്യൂസിയത്തിൽ ഹോളിവുഡ് സിനിമകളെ വെല്ലും കവര്‍ച്ച നടന്നത്.
രാവിലെ ഒൻപതിന് മ്യൂസിയം തുറന്ന് അരമണിക്കൂറിനുള്ളിലായിരുന്നു മോഷണം. ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍ ബോണപാര്‍ട്ടിന്‍റെയും ചക്രവര്‍ത്തിനിയുടെയും അമൂല്യ ആഭരണശേഖരത്തില്‍ നിന്നുള്ള ഒന്‍പത് വസ്‍തുക്കളാണ് മോഷ്ടിക്കപ്പെട്ടത്.
മുഖംമൂടി ധരിച്ച മൂന്നോ നാലോ പേരുടെ ഒരു സംഘമാണ് മോഷണത്തിന് പിന്നില്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മ്യൂസിയത്തിന്‍റെ തെക്കുകിഴക്കൻ വശത്തുള്ള റോഡിൽ ട്രക്ക് നിർത്തി, അതിലുണ്ടായിരുന്ന യന്ത്രഗോവണി വഴി മോഷ്ടാക്കൾ ബാൽക്കണിയിലേക്കു കടക്കുകയായിരുന്നു.
അവിടെനിന്ന് ബാൽക്കണിയിലെ ജനാല തകർത്ത് നേരെ അപ്പോളോ ഗാലറിയിലേക്ക് (ദി ഗാലറി ഡി അപ്പോളോൺ) കടന്നു. ആംഗിൾ ഗ്രൈൻഡറുകൾ ഉപയോഗിച്ച് ഡിസ്പ്ലേ കേസുകൾ തകര്‍ത്താണ് ഒരു മാലയും ബ്രൂച്ചും ഉൾപ്പെടെ ഒമ്പത് ആഭരണങ്ങൾ മോഷ്ടിച്ചത്.
രക്ഷപ്പെടുന്നതിനിടെ ഒരു ആഭരണം വഴിയിൽ നഷ്ടമാകുകയും ചെയ്തു. അപ്പോളോ ഗാലറിയുടെ ജനാലയിലും രണ്ടു ഡിസ്പ്ലേ ബോർഡുകളിലുമുണ്ടായിരുന്ന അലാം മോഷണത്തിനു പിന്നാലെ ശബ്ദമുണ്ടാക്കി.
ഇതോടെ ഗാലറിയിലുണ്ടായിരുന്ന അഞ്ച് സുരക്ഷാ ഗാർഡുമാർ എത്തിയെങ്കിലും മോഷ്ടാക്കൾ കടന്നുകളഞ്ഞിരുന്നു. സ്കൂട്ടറുകളിൽ കയറി രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്‍റ് ന്യൂനെസ് പറഞ്ഞത് പ്രകാരം വെറും ഏഴ് മിനിറ്റിനുള്ളിലാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്.
െേെ
