കരാർ ലംഘിച്ച് ഇസ്രായേൽ ; ഗസ്സയിൽ 11 പേരടങ്ങുന്ന കുടുംബത്തെ കൂട്ടക്കൊല ചെയ്തു

ഷീബ വിജയൻ
ഗസ്സ സിറ്റി I വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിട്ടും സമാധാനമില്ലാതെ ഗസ്സ. ഇന്നലെ നടന്ന ആക്രമണത്തിൽ ഗസ്സയിൽ 11 പേരടങ്ങുന്ന ഒരു കുടുംബത്തെ പൂർണമായി ഇസ്രായേൽ കൂട്ടക്കൊല ചെയ്തു. ഇതോടെ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ വധിച്ചവരുടെ എണ്ണം 28 ആയി. നിലവിലെ സാഹചര്യത്തിൽ ആയുധങ്ങൾ ഉപേക്ഷിക്കാൻ പൂർണമായും തങ്ങൾ ഒരുക്കമല്ലെന്നും ഫലസ്തീനിലെ മറ്റു സായുധ വിഭാഗങ്ങളുമായി ചർച്ച ചെയ്തതിന് ശേഷം മാത്രമേ തീരുമാനമെടുക്കാനാകൂ എന്ന് ഹമാസ് അറിയിച്ചു.
ഗസ്സ സിറ്റിയിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങാനിരിക്കവേയാണ് 11 പേരടങ്ങുന്ന കുടുംബം സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തിനുനേരെ ഇസ്രായേൽ നിറയൊഴിച്ചത്. സൈതൂൺ പ്രദേശത്ത് വെച്ച് നടന്ന ആക്രമണത്തിൽ മുഴുവൻ പേരും തൽക്ഷണം കൊല്ലപ്പെട്ടു. വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷവും ഇസ്രായേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ പൂർണമായും ആയുധം താഴെവെക്കാൻ തങ്ങൾ തയ്യാറാണോ എന്നത് നിലവിൽ പറയാനാവില്ലെന്ന് ഹമാസ് നേതാവ് മുഹമ്മദ് നസ്സാൽ പറഞ്ഞു. നിരായുധീകരണം മറ്റു ഫലസ്തീൻ സായുധ വിഭാഗങ്ങളെ ഉൾപ്പെടുത്തി ചർച്ച ചെയ്ത് തീരുമാനിക്കേണ്ട വിശാലമായ വിഷയമാണെന്നും ഗസ്സയിലെ ക്രിമിനൽ സംഘങ്ങളെ അമർച്ച ചെയ്യാൻ തങ്ങളുടെ സാന്നിധ്യം അനിവാര്യമാണെന്നും ഹമാസ് കൂട്ടിച്ചേർത്തു.
SAASSA