അയഞ്ഞ് മുരളീധരൻ ; കെപിസിസി വിശ്വാസ സംരക്ഷണ യാത്രയുടെ സമാപനത്തിൽ പങ്കെടുക്കും

ഷീബ വിജയൻ
തിരുവനന്തപുരം I കെപിസിസി വിശ്വാസ സംരക്ഷണയാത്രയുടെ സമാപനത്തിൽ കെ. മുരളീധരൻ പങ്കെടുക്കും. രമേശ് ചെന്നിത്തല, വി.ഡി സതീശൻ, സണ്ണി ജോസഫ് തുടങ്ങിയ മുതിർന്ന നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ചതോടെയാണ് മുരളീധരൻ അയഞ്ഞത്. ചെങ്ങന്നൂരിൽ ഇന്ന് വൈകുന്നേരം പദയാത്രയ്ക്ക് ശേഷമാണ് സമാപന സമ്മേളനം. കാരക്കാട് ദേവീക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച് പന്തളം ബസ് സ്റ്റാൻഡ് പരിസരത്താണ് പദയാത്ര സമാപിക്കുക.
കെപിസിസി പുനഃസംഘടനയിലെ അതൃപ്തിയെ തുടർന്ന് കെ. മുരളീധരൻ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ നേതാക്കൾ ആശയവിനിമയം നടത്തിയതിനു പിന്നാലെ ഉച്ചയോടെ ഗുരുവായൂരിൽ അദ്ദേഹം ചെങ്ങന്നൂരിലേക്ക് യാത്ര തിരിച്ചു.
ഇന്നലെ ചെങ്ങന്നൂരിലെ സമാപനത്തിന് ശേഷം കെ. മുരളീധരൻ ഗുരുവായൂരിലേക്ക് പോവുകയായിരുന്നു. രാവിലെ മുതൽ ഗുരുവായൂർ ക്ഷേത്രത്തിലായിരുന്ന കെ. മുരളീധരൻ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ ചെങ്ങന്നൂരിലേക്ക് പോകാതെ ട്രെയിനിൽ തിരുവനന്തപുരത്തേക്ക് പോകുമെന്നായിരുന്നു വിവരം. ഇതുസംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത വരികയും പാർട്ടി തന്നെ പ്രതിരോധത്തിലാവുകയും ചെയ്ത സാഹചര്യത്തിൽ പരിപാടിയിൽനിന്ന് വിട്ടുനിൽക്കുന്നത് ഉചിതമാകില്ലെന്ന് നേതാക്കൾ അദ്ദേഹത്തെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് മുരളീധരൻ അയഞ്ഞത്.
കെപിസിസി പുനഃസംഘടനയിൽ തനിക്കുള്ള അതൃപ്തി സണ്ണി ജോസഫിനെയും വി.ഡി സതീശനേയും കെ. മുരളീധരൻ അറിയിച്ചിരുന്നു. തൃശൂരിലെ തോൽവിക്ക് കാരണക്കാരനെന്ന് കെ. മുരളീധരൻ കരുതുന്ന ജോസ് വള്ളൂരിന് പദവി നൽകിയതും കെ.എം ഹാരിസിനെ ജനറൽ സെക്രട്ടറിയാക്കാതിരുന്നതുമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇതൊക്കെ അനുഭാവപൂർവം പരിഗണിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് കെ. മുരളീധരൻ പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചത്.
ASDADSADSADS