മെറ്റ എ.ഐയുമായി നിങ്ങൾ നടത്തിയ സംഭാഷണങ്ങൾ അത്ര സ്വകാര്യമല്ല...

ശാരിക
വാഷിംഗ്ടൺ l മെറ്റ എ.ഐയുമായി നിങ്ങൾ നടത്തിയ സംഭാഷണങ്ങൾ അത്ര സ്വകാര്യമായിരിക്കില്ലെന്ന് റിപ്പോർട്ട്. എ.ഐ സിസ്റ്റംസിനെ പരിശീലിപ്പിക്കാനായി മെറ്റ നിയോഗിച്ച കരാർ ജീവനക്കാർ, ആയിരക്കണക്കിന് തത്സമയ സംഭാഷണങ്ങളും സ്വകാര്യ ഫോട്ടോകളുമടക്കം കാണുന്നതായി ഒരു പ്രമുഖ ബിസിനസ് മാഗസീൻ റിപ്പോർട്ട് വ്യക്തമാക്കുന്നു.
സെൽഫികൾ, ഇ മെയിൽ, ഫോൺ നമ്പർ തുടങ്ങിയവയെല്ലാം ഇങ്ങനെ കാണുന്നതായാണ് റിപ്പോർട്ട്. മെറ്റക്കുവേണ്ടി കരാർ ജോലി ചെയ്തവർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മെറ്റയുടെ എ.ഐ ടൂളുകളുടെ ഗുണം വർധിപ്പിക്കാനും മറുപടികൾക്ക് കൂടുതൽ വ്യക്തിഗതസ്വഭാവം നൽകാനുമാണ് ഇങ്ങനെ പരിശീലനം നൽകുന്നത്.
ചികിത്സ സംബന്ധമായ വിവരങ്ങൾ മുതൽ പ്രണയസല്ലാപങ്ങൾ വരെ ഇങ്ങനെ ചോർത്തപ്പെടുന്നെന്ന് ഈ ജീവനക്കാർ പറയുന്നു. പരിശോധിച്ചതിൽ ഏതാണ്ട് 70 ശതമാനം ഡേറ്റയും, അവയുടെ ഉടമയെ തിരിച്ചറിയാൻ കഴിയും വിധം വ്യക്തമായ വിവരങ്ങളുള്ളവയായിരുന്നു.
ചാറ്റ്ബോട്ടുകൾക്ക് സെൽഫി മുതൽ നഗ്നചിത്രങ്ങൾ വരെ പലരും അയക്കുന്നതായി കണ്ടെന്നും ഇവർ വിശദീകരിക്കുന്നു. അതുകൊണ്ട്, ചാറ്റ്ബോട്ടുകളോട് വിവരങ്ങൾ പങ്കുവെക്കുന്നത് സൂക്ഷിച്ചുവേണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
gdfsgd