മുപ്പത് വർഷത്തിലേറെ ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തിൽനിന്ന് ആരോഗ്യവാനായ ഒരു കുഞ്ഞ്


ശാരിക

വാഷിംഗ്ടൺ l മുപ്പത് വർഷത്തിലേറെ ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തിൽനിന്ന് ആരോഗ്യവാനായ ഒരു കുഞ്ഞ് ജനിച്ചിരിക്കുന്നു. 1992ൽ യു.എസിലെ ഒരു ദമ്പതികൾ നാല് ഭ്രൂണങ്ങൾ ശീതീകരിച്ച് വെക്കുന്നു. 1994ൽ ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്) നടത്തിയ ഇവർക്ക് ഇവയെല്ലാം ഉപയോഗിക്കേണ്ടിവന്നില്ല. ബാക്കിയുള്ള ഭ്രൂണങ്ങൾ ഉപേക്ഷിക്കുന്നതിനുപകരം, മറ്റ് കുടുംബങ്ങൾക്ക് ഉപയോഗിക്കുന്നതിനായി ദാനം ചെയ്യാൻ അവർ തയാറാകുന്നു. 2023 ലാണ് സ്വന്തമായി ഗർഭം ധരിക്കാൻ ബുദ്ധിമുട്ടുള്ള മറ്റൊരു ദമ്പതികളായ ലിൻഡ്‌സെയും ടിം പിയേഴ്‌സും ദാനം ചെയ്ത ഭ്രൂണങ്ങളിൽ ഒന്ന് സ്വീകരിക്കാൻ തീരുമാനിക്കുന്നത്. ഡോക്ടർമാർ പുതിയ അമ്മയുടെ ഗർഭപാത്രത്തിലേക്ക് ഭ്രൂണം വിജയകരമായി ഇംപ്ലാന്റ് ചെയ്തു. മാസങ്ങൾക്കുശേഷം, തദ്ദ്യൂസ് ഡാനിയേൽ പിയേഴ്‌സ് എന്ന ആരോഗ്യവാനായ ആൺകുഞ്ഞ് ജനിച്ചു.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കുഞ്ഞ് കൂടിയാണ് അവൻ. ഇത്രയും കാലം മരവിപ്പിച്ചിരിക്കുന്ന ഭ്രൂണത്തിൽനിന്ന് ആരോഗ്യമുള്ള കുട്ടി ജനിക്കുമോ എന്ന് നിങ്ങൾക്ക് സംശയം തോന്നിയേക്കാം. കഴിയും എന്ന് തന്നെയാണ് വിദഗ്ദ്ധരുടെ അഭിപ്രായം. പക്ഷേ, വർഷങ്ങളായി ഭ്രൂണം എത്രത്തോളം സംരക്ഷിക്കപ്പെട്ടു എന്നതിലും സംരക്ഷണ സാഹചര്യങ്ങളുടെ സൂക്ഷ്മതയും കൂടി ഇതിൽ ഘടകങ്ങളാണ്. ക്രയോപ്രിസർവേഷനും വിട്രിഫിക്കേഷനും വഴിയാണ് ഇത് സാധ്യമാക്കുന്നത്. വളരെ കുറഞ്ഞ താപനിലയിൽ (പൊതുവെ -196 ഡിഗ്രി സെൽഷ്യസ്) എല്ലാ കോശ പ്രവർത്തനങ്ങളും നിലയ്ക്കും. ഇത് ഭ്രൂണനശീകരണവും മറ്റ് പ്രവർത്തനങ്ങളും തടയുന്നു. അതായത് അനുയോജ്യമായ സാഹചര്യങ്ങളിൽ സൂക്ഷിക്കുന്നിടത്തോളം കാലം ഭ്രൂണങ്ങൾക്ക് ജീവശാസ്ത്രപരമായി കാലഹരണ തീയതി ഇല്ല.

ഇന്ത്യയിൽ, അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി നിയമപ്രകാരം 10 വർഷം വരെ ഇത്തരത്തിൽ സൂക്ഷിക്കാൻ കഴിയും. അതിനുശേഷം വീണ്ടും അനുവാദം നൽകണം. എല്ലാ ശാസ്ത്രീയ നടപടിക്രമങ്ങളും ശ്രദ്ധാപൂർവം പാലിക്കുന്നിടത്തോളം കാലം, ശീതീകരിച്ച ഭ്രൂണത്തിന്റെ പ്രവർത്തനക്ഷമതയെ സമയം ബാധിക്കുന്നില്ല എന്ന് ഈ കുഞ്ഞിന്‍റെ ജനനം തെളിയിക്കുന്നു. പല കുടുംബങ്ങൾക്കും പ്രത്യാശ നൽകുന്ന നേട്ടങ്ങളാണ് ആരോഗ്യമേഖല കൈവരിച്ചുകൊണ്ടിരിക്കുന്നത്.

You might also like

  • Straight Forward

Most Viewed