മതവികാരം വ്രണപ്പെടുത്തി; നടി തപ്‌സി പന്നുവിനെതിരെ പരാതി

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് തെന്നിന്ത്യന്‍ നടി തപ്‌സി പന്നുവിനെതിരെ പരാതി. ബി.ജെ.പി എം.എൽ.എ മാലിനിയുടെ മകൻ ഏകലവ്യ ഗൗറാണ് നടിക്കെതിരെ ഛത്രിപുര പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്.
താരം ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് കേസ് കൊടുക്കാന്‍ കാരണമായത്. ഫോട്ടോയിൽ ഡീപ്പ് നെക്ക് ലൈന്‍ ഉള്ള ചുവപ്പ് ഡ്രസിനൊപ്പം ലക്ഷ്മി ദേവിയുടെ ലോക്കറ്റുള്ള നെക്ലേസ് ആണ് തപ്സി ധരിച്ചിരുന്നത്. ഇതാണ് പരാതിക്കാരനെ ചൊടിപ്പിച്ചത്. മാർച്ച് 12ന് മുംബൈയിൽ നടന്ന ഫാഷന്‍ വീക്കിലാണ് ഈ കോസ്റ്റ്യൂമിൽ തപ്സി പ്രത്യക്ഷപ്പെട്ടത്. സനാതൻ ധർമ്മത്തെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണിതെന്ന് ഗൗർ പരാതിയിൽ പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ മുനവർ ഫാറൂഖിക്കെതിരെയും ഏകലവ്യ പരാതി നൽകിയിരുന്നു.ഹാസ്യ പരിപാടിയിൽ ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്നും മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു പരാതി. കേസിൽ ഫാറൂഖിയെ 2021 ജനുവരി അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് ജാമ്യം അനുവദിക്കുകയായിരുന്നു.
4t